കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരികരിച്ചത് പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടിയെ ഐസിയുവില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐസിയുവി ലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് ഉള്‍പ്പെടെ അഞ്ച് മരുന്നുകളാണ് കുട്ടിക്ക് നല്‍കുന്നത്.
തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കും മുന്‍പ് തന്നെ ഇതാകാം രോഗമെന്നു സംശയിച്ച് പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് പനി പിടിപ്പെട്ടത്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഫറോക്കില്‍ വിദ്യാര്‍ഥി മരിച്ചിരുന്നു.