ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനായി പുതിയ വാണിജ്യ നയം രൂപീകരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മാളുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരം തുടങ്ങിയവ ചില്ലറ വ്യാപാര മേഖലയില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് മുന്നില്‍ക്കണ്ടാണ് പുതിയ നയം രൂപീകരിക്കുന്നതെന്നും വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. ചില്ലറ വ്യാപാര മേഖലയെ എംഎസ്എംഇകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചെറുകിട വ്യാപാര മേഖലയ്ക്കും ലഭ്യമാകും. ചില്ലറ വ്യാപാര മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ചില്ലറ വ്യാപാര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ സംഭരണ ശാലകള്‍, ഇടെയില്‍ സോണുകള്‍ തുടങ്ങിയവ സ്ഥാപിക്കും. വാണിജ്യ മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കാന്‍ രുപീകരിച്ച വാണിജ്യമിഷന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസാനയത്തിന് അനുസൃതമായി കാര്യക്ഷമമാക്കാന്‍ പ്രത്യേക ഡിവിഷന്‍ രൂപീകരിച്ചിട്ടുണ്ട്. കൊമേഴ്സ് മിഷന്‍ വാണിജ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള സംവിധാനമാണ്. ഇത് സംസ്ഥാനത്ത് വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍ വളരാന്‍ അനുയോജ്യമായ അന്തരീക്ഷമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ജനറല്‍ മാനജേരുടെ മേല്‍നോട്ടത്തില്‍ മൂന്നംഗസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ സാധ്യതകള്‍ ആരായുന്നതിനും സംരംഭകരെ കണ്ടെത്തുന്നതിനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനു വേണ്ട നടപടി സമിതി ഉറപ്പാക്കും. ബ്രിട്ടീഷ് കമ്പനയായ ലിങ്ക് ഗ്രൂപ്പ് കാസര്‍കോട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലിങ്ക് ഔട്ട്‌സോഴ്‌സ് സൊല്യൂഷന്‍സ് ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട ചെന്നീര്‍ക്കരയിലെ അക്കായ് നാച്വറല്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഡെന്‍മാര്‍ക്ക് ആസ്ഥാനമായ ഒട്ടേറെ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ജര്‍മന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ ധനകാര്യബാങ്കുകള്‍ മുഖേന വ്യാവസായിക മേഖലയ്ക്ക് നല്‍കി വരുന്ന വായ്പകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ധവ് രേഖപ്പെടുത്തുണ്ട്. 2021-22 കാലഘട്ടത്തില്‍ വിതരണം ചെയ്ത വായ്പാ തുകയില്‍ നിന്നും 2023-24 കാലഘട്ടത്തിലാണ് വര്‍ധന. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണ വിപൂലീകരണ പദ്ധതികള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 279.10 കോടി രൂപ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തി. പൊതുമേഖലാസ്ഥാപനങ്ങളിലെ 40.41 ഏക്കര്‍ അധിക ഭൂമി കണ്ടെത്തി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.