തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ പത്തുവയസ്സുകാരന് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസിയായ കുട്ടിക്കാണ് രോഗബാധ. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും.
ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.
അതിനിടെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കിയിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉൾപ്പെടെയുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയാൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധപരിചരണം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
എന്താണ് കോളറ?
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
രോഗലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
കോളറ പ്രതിരോധം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിയ്ക്കുക
ഒ.ആര്.എസ്. പാനീയം ഏറെ നല്ലത്
എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക.