തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസ് അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
ആർ.ബി. ശ്രീകുമാർ നിർദേശിച്ചിട്ടാണ് നമ്പിനാരായണനെ പ്രതിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്. മുൻ ഐ.ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് നമ്പി നാരായണൻ മൃതപ്രായനായിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ വിവരിച്ചു.
അന്ന് സി.ഐ ആയിരുന്ന എസ്. വിജയൻ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസ്. മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐ.ബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. ചാരക്കേസ് വിവരങ്ങൾ ചോർത്തി നൽകിയത് വിജയനാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേന്നു മുതൽ വാർത്തകൾ വന്നു തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
എസ് ഐ ടി കസ്റ്റഡിയിലുള്ളപ്പോൾ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖയുണ്ടാക്കി. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽവച്ച് നമ്പി നാരായണനെ മർദ്ദിച്ചു. സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.
മുൻ എസ്പി വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെ കെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞ് വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.