തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു.
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മതി. ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണൻ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി.ബി.ഐ കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് കുറ്റം ചെയ്തത് എന്നറിയാൻ താൻ ശ്രമിച്ചു. കേസ് പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. എല്ലാവരും മടുത്തു. പക്ഷേ വിധി അനുകൂലമായി വന്നപ്പോഴാണ് കേസിലേക്ക് വീണ്ടും തിരിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അവർ ചെയ്തത് തെറ്റെന്നു തോന്നിയാൽ മതി. തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാൽ മതി. മാപ്പ് പറയണമെന്നില്ല അബദ്ധം പറ്റി എന്നത് സമ്മതിച്ചാൽ മതി എന്നും അദ്ദേഹം വ്യക്തമാക്കി.
സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. തെറ്റുകാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്ക് ഉണ്ടായിരുന്നു. 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത്. 2018ലെ വിധിയിൽ തന്നെ താൻ തൃപ്തനാണ്. മറിയം റഷീദയുമായി ഒരു ബന്ധവുമില്ല. അതെനിക്ക് പറയാൻ കഴിയും. 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത് എന്നും നമ്പി നാരായണൻ വ്യക്തമാക്കി.
വ്യക്തിപരമായി കേസില്‍ താല്പര്യം നഷ്ടപ്പെട്ടെന്നും വേണമെങ്കില്‍ സാക്ഷിയാകാമെന്നും നമ്പി നാരായണന് പറഞ്ഞു.
“മടുത്തു, ഒരു കേസ് മുപ്പത് വര്‍ഷം കൊണ്ടുപോയതുതന്നെ വലിയ കാര്യമായാണ് തോന്നുന്നത്. ഇപ്പോള്‍ തനിക്ക് പ്രായമായി. പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും തനിക്ക് താല്പര്യം നഷ്ടപ്പെട്ടു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയാണ്”, നമ്പി നാരായണന് കൂട്ടിച്ചേര്‍ത്തു.
ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസ് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്നും ഹോട്ടലില്‍ വെച്ച് വിജയന് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.