ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്വെയുടെ ഇന്നിങ്ങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്‌സ് സിംബാബ്വേയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).
ഇന്ത്യക്കായി മികച്ച തുടക്കമാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന ഓപണിങ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 8.1 ഓവറിൽ 67 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 27 പന്തിൽ 36 റൺസിലെത്തിയ ജയ്സ്വാളിനെ സിക്കന്ദർ റാസയുടെ പന്തിൽ ബെന്നറ്റ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് തുടർന്നെത്തിയത്. എന്നാൽ, ഒമ്പത് പന്തിൽ 10 റൺസെടുത്ത താരത്തെ സിക്കന്ദർ റാസയുടെ പന്തിൽ മരുമനി ക്യാച്ചെടുത്തു.
ഗില്ലിന് കൂട്ടായി ഋതുരാജ് ഗെയ്ക്‍വാദ് എത്തിയതോടെയാണ് സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചുതുടങ്ങിയത്. എന്നാൽ, സ്കോർ 153ൽ എത്തിയപ്പോൾ 49 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 66 റൺസിലെത്തിയ ഗില്ലിനെ മുസറബാനി സിക്കന്ദർ റാസയുടെ കൈയിലെത്തിച്ചു. അർധസെഞ്ച്വറിയിലേക്ക് നീങ്ങിയ ഗെയ്ക്‍വാദിനെ (28 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 49) അവസാന ഓവറിലെ നാലാം പന്തിൽ മുസറബാനി തന്നെ മടക്കി. സഞ്ജുവിനൊപ്പം ഒരു റൺസുമായി റിങ്കു സിങ് പുറത്താകാതെ നിന്നു. സിംബാബ്വെക്കായി െബ്ലസ്സിങ് മുസറബാനി, സിക്കന്ദർ റാസ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടയില്‍ ടീമിന് മൂന്ന് വിക്കറ്റ് നഷ്ടമായി. വെസ്ലി മാധവ്‌റെ(1), മരുമാനി(13), ബ്രയാന്‍ ബെന്നറ്റ്(4) എന്നിവര്‍ പുറത്തായി. പിന്നാലെ വന്നവരില്‍ ഡിയോണ്‍ മയേഴ്‌സും ക്ലൈവ് മദണ്ടെയുമാണ് സിംബാബ്വേയ്ക്കായി അല്‍പ്പമെങ്കിലും പൊരുതിയത്. ക്ലൈവ് 26 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ പൊരുതിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.49 പന്തില്‍ നിന്ന് ഡിയോണ്‍ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്കന്ദര്‍ റാസ(15), ജൊനാഥന്‍ കാംബെല്‍(1)എന്നിവര്‍ നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്വേ 159 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.