അനധികൃത തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. സ്പോൺസർഷിപ്പിലല്ലാതെ ജീവനക്കാരെ നിയമിക്കുന്നത് ഒമാനി ലേബർ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അതിർത്തികളും കള്ളക്കടത്തുകാരുടെ നീക്കവും നിരീക്ഷിച്ച് സുൽത്താനേറ്റിലേക്ക് നുഴഞ്ഞ് കയറുന്നത് തടയാനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ, ഈ പ്രതിഭാസത്തിന്റെ അപകടത്തെക്കുറിച്ചും സുരക്ഷ, സമ്പദ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയിൽ വരുത്തുന്ന പ്രതികൂല സ്വാധീനം കണക്കിലെടുത്ത് അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും സമൂഹത്തെ തുടർച്ചയായി ബോധവത്കരിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫിസ് ഡയറക്ടർ അലി ബിൻ സലേം അൽ സവായ് പറഞ്ഞു.