ഹൃദയരാഗം
ഭാഗം 13
“2 ലക്ഷം രൂപ കിട്ടുന്നത് ഞാൻ എന്തിനാ വെറുതെ കളയുന്നത്….! പിന്നെ ഒരു കാര്യം ഉണ്ട്, എല്ലാം നിർത്തി അവളുടെ കല്യാണ സമയത്ത് എല്ലാം തുറന്നു പറയും…. അപ്പോൾ ചിലപ്പോൾ ശപിക്കുവായിരിക്കും, എങ്കിലും സാരമില്ല…. പറഞ്ഞെന്ന് ഒരു സമാധാനം ഉണ്ടല്ലോ…. എന്ത് സംഭവിച്ചാലും എനിക്ക് കോച്ചിങ് കംപ്ലീറ്റ് ചെയ്യണം, അത് മാത്രമേ ഉള്ളൂ എൻറെ മനസ്സിൽ…. ” അത് തന്നെയാണ് ഞാനും പറഞ്ഞത്…. നീ അയാളെ വിളിച്ച് സമ്മതമാണെന്ന് പറ, ” ശരി ഞാൻ അയാളെ വിളിച്ചിട്ട് നിന്നെ വിളിക്കാം…
അതും പറഞ്ഞു അനന്ദു കോൾ കട്ട് ചെയ്തിരുന്നു, പിന്നെ വിവേക് സേവ് ചെയ്ത നമ്പറിലേക്ക് ഒരു കോൾ പോയി… ആ ഫോൺ എടുക്കപെടുന്നത് വരെ പതിവില്ലാത്ത ഒരു വീർപ്പു മുട്ടൽ അനന്ദു അറിയുന്നുണ്ടായിരുന്നു…. ” ഹലോ പറ അനന്ദു… ഫോണെടുത്തതും വിവേകിന്റെ ശബ്ദം അതായിരുന്നു….. ഒരു നിമിഷം ഒന്നു പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്ത് അനന്തു പറഞ്ഞു,
” അതെ മാഷേ, ഉച്ചയ്ക്ക് പറഞ്ഞ കാര്യത്തിന് എനിക്ക് സമ്മതം….! പിന്നെ ഒരു ഡിമാൻഡ് ഉണ്ട്, ” എന്താ ഡിമാൻഡ്…! ആകാംക്ഷയോടെ വിവേക് ചോദിച്ചു ” ഈ കാര്യം കൊണ്ട് ആ പെങ്കൊച്ചിന് വിഷമിക്കേണ്ട അവസ്ഥ വരരുത്, നിങ്ങളുടേ വിവാഹ സമയത്ത് നിങ്ങൾ എല്ലാം അവളോട് തുറന്നു പറയണം,
ഞാൻ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല എന്ന്….! അനന്ദു പറഞ്ഞു… ” തീർച്ചയായും പറയും, ഇല്ലെങ്കിൽ എനിക്കും ഒരു സമാധാനം ഇല്ല…! ഞാൻ പറഞ്ഞില്ലേ എനിക്ക് കുട്ടിക്കാലം മുതലേ അവളെ അത്രയ്ക്ക് ഇഷ്ടമാണ്, അതുകൊണ്ടാണ് ഞാൻ അവളെ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് പോലും ഇങ്ങനെ ഒരു കാര്യത്തിനും ഇറങ്ങിയത്…. ” അതുമതി മനസ്സിൽ അസ്വാസ്ഥത ആയിരുന്നുവെങ്കിലും അനന്ദു പറഞ്ഞു… ” അപ്പോൾ എങ്ങനെ നേരിട്ട് പറയുമോ, ഫോൺ വിളിച്ചു പറയുന്നോ..? ” എന്ത്….? “അല്ല അനന്ദുവിന് അവളെ ഇഷ്ടമാണെന്ന് അവളെ അറിയിക്കണ്ടേ,
അത് എങ്ങനെ ആണ് എന്ന്… വിവേക് പറഞ്ഞു…! ” ഞാൻ നേരിട്ട് പറഞ്ഞോളാം ” നല്ലത്…! അതായിരിക്കും കൂടുതൽ നല്ലത്, എന്തെങ്കിലും അഡ്വാൻസ് വേണോ….? ” വേണ്ട ആവശ്യമുള്ളപ്പോൾ ഞാൻ ചോദിക്കാം, അപ്പോൾ തന്നാൽ മതി….! “:ആയിക്കോട്ടെ ….! അപ്പോൾ പറഞ്ഞിട്ട് എന്നെ വിളിക്ക്… വിവേക് പറഞ്ഞു… അവന് ഫോൺ വച്ച് കഴിഞ്ഞപ്പോൾ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് വീണ്ടും ഒരു ചോദ്യം അനന്തുവിൻറെ മനസ്സിൽ ഉയർന്നിരുന്നു….
എങ്കിലും സാഹചര്യം തന്നെ കൊണ്ട് നിർബന്ധിക്കുന്നതായി അവനു തോന്നി, ഉടനെ തന്നെ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി തന്നെ കിരണിനെ വിളിച്ചു പറഞ്ഞു….. ” നീ എങ്ങനെ പറയാൻ ആണ് ഉദ്ദേശിക്കുന്നത്… ” ലൈബ്രറിയിൽ വരുമ്പോൾ പറയാം, താല്പര്യം ഇല്ലാതെ അനന്ദു പറഞ്ഞു…! ”
നിന്നെ കൊണ്ട് പറയാൻ പറ്റുമോ….? ” പറയുന്നതൊന്നും കുഴപ്പമില്ല പക്ഷേ അഭിനയം ആയതു കൊണ്ട് ഒരു കള്ളത്തരം ഫീലിംഗ് വരും… അനന്ദു പറഞ്ഞു…! കാർ മൂടിക്കിടക്കുന്ന മനസ്സുമായി ആയിരുന്നു കട്ടിലിൽ ദിവ്യ കിടന്നിരുന്നത്…. മനസ്സ് വല്ലാതെ വേദനിക്കുന്നു, അത് അവൾ അറിയുന്നുണ്ടായിരുന്നു… ആർക്കു വേണ്ടിയാണ് ഈ യുദ്ധം…,? നിഴലിനോട് യുദ്ധം ചെയ്യുന്നതു പോലെ, അറിയേണ്ടവൻ അറിയുന്നു പോലുമില്ല….
എത്രകാലം താൻ കാത്തിരുന്നാലും എന്നെങ്കിലും തന്റെ സ്നേഹം അവന് മനസ്സിലാകുമോ എന്നായിരുന്നു ആ നിമിഷം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ചോദ്യം…! ഒന്ന് പൊട്ടിക്കരയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് താൻ, ഒന്ന് കരഞ്ഞു പോയാൽ അതിനു കാരണം എത്ര പേരെ ബോധിപ്പിക്കേണ്ടി വരും….! എങ്ങനെയൊക്കെയോ ആ രാത്രി അവൾ തള്ളിനീക്കി…. പിറ്റേന്ന് ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം നീതുവിനോട് തുറന്നു പറഞ്ഞു….
അപ്പോഴേക്കും വാക്കുകൾ ഇടറുകയും കണ്ണിൽ നിന്നും നീർമണികൾ താഴെ ഉതിരുകയും ഒക്കെ ചെയ്തിരുന്നു, ഒരു നിമിഷം അവളുടെ അവസ്ഥയിൽ നീതുവിനും വല്ലാത്ത വേദന തോന്നി… ബസ്സ് വരുന്നതിനു തൊട്ടുമുൻപാണ് പൊടിപറത്തി അവൾക്കേറെ പ്രിയപ്പെട്ട വാഹനം കടന്നു വന്നത്… അതിൽ ഇരിക്കുന്ന ആളെ എത്ര നോക്കണ്ട എന്ന് പറഞ്ഞെങ്കിലും കണ്ണുകൾ അറിയാതെ ആ ഒരുവനെ തേടി ചെന്നിരുന്നു….! ആ നിമിഷം ആദ്യമായി തനിക്കായി ഒരു നോട്ടം അലിവോടെ ആ മുഖത്ത് നിന്ന് വരുന്നത് കണ്ടപ്പോൾ ദിവ്യ ഒന്ന് അന്തിച്ചു പോയിരുന്നു….
ആ സമയത്ത് തന്നെ ബസ് വരികയും ചെയ്തു എന്ന് കണ്ടപ്പോൾ അവൾക്ക് അത്ഭുതം തോന്നിയിരുന്നു, അവനെ കാണാത്തതു കൊണ്ട് തന്നെ നീതു അവളുടെ കൈപിടിച്ച് അപ്പോഴേക്കും ബസിന്റെ അരികിലേക്ക് നടന്നു….. ഒരു നിമിഷം അവൻറെ മുഖത്ത് തന്നോട് എന്തോ പറയാൻ എന്ന പോലെ ഒരു ഭാവം അവൾ കണ്ടു, ബസ്സിൽ നിൽക്കുമ്പോഴും അവനെ നോക്കിയാണ് അവൾ അകന്നത്…..!
അവളുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അത് കാണെ വീണ്ടും അനന്തുവിന് വേദന തോന്നിയിരുന്നു, കുറച്ചു കഴിഞ്ഞപ്പോഴാണ് ബൈക്കിൽ വന്നു കിരൺ അവൻറെ അരികിലായി വണ്ടി നിർത്തിയത്…. ” എന്താടാ കണ്ടോ നീ…! ” ഇപ്പൊ ബസിൽ കയറി പോകുന്നത് കണ്ട്….. ” നീ ഇന്ന് പറയാൻ വേണ്ടി വന്നതാണോ, ” പറയണം….. അയാളോടൊറപ്പ് പറഞ്ഞില്ലേ, ” അയാൾ എന്താ പറഞ്ഞത്…. “കാശ് വല്ലതും വേണോന്ന്, ഞാൻ വേണ്ടെന്നു പറഞ്ഞു…. ” എന്തിനാ അങ്ങനെ പറഞ്ഞെ, പിന്നെ തന്നില്ലെങ്കിലോ…? ” തരാതിരിക്കില്ല, കോച്ചിംഗ് സെൻററിൽ രണ്ടുമാസം കഴിഞ്ഞിട്ട് മതി…. അപ്പൊൾ മൊത്തം കെട്ടിവയ്ക്കാമെന്ന് വിചാരിക്കുന്നത്, ഇപ്പോൾ വാങ്ങിയാൽ ചിലവായി പോകും…. അപ്പോൾ അഡ്വാൻസ് ആയിട്ട് വാങ്ങാം, എന്നാലും ചെയ്യുന്നത് ശരിയല്ല എന്ന് ഒരു തോന്നൽ….. ആ പെണ്ണാണെങ്കിൽ എന്നെ കാണുമ്പോൾ തന്നെ വലിയ സന്തോഷം….. തെറ്റല്ലേ ആശ കൊടുത്തിട്ട് അവസാനം അഭിനയമായിരുന്നു അറിയുമ്പോൾ, അത് സഹിക്കാൻ കഴിയുമോ…?
സ്നേഹം കൊടുത്തു ഒരാളെ പറ്റിക്കുന്നതിലും ഹീനമായ ഒരു പ്രവർത്തി ഈ ലോകത്ത് മറ്റെന്താണ് ഉള്ളത്…? അതും ഒരു പാവം പെണ്ണ്, അവളെന്നോട് എന്ത് തെറ്റ് ചെയ്തു…? സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ, നാല് കൊല്ലമായിട്ട് ഇഷ്ടമാണെന്ന് പറയുന്നു. എങ്ങനെയാ ഞാൻ….. ” നിനക്ക് പറ്റില്ല എന്ന് പറഞ്ഞാൽ പോരേ പ്രശ്നം തീർന്നല്ലോ… ” പറ്റില്ല എന്ന് പറയാരുന്നു…! പക്ഷേ കഴിഞ്ഞ ദിവസം തന്നെ അമ്മു എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു, എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് എനിക്ക് രക്ഷപ്പെടണം, അതിന് എനിക്ക് കുറച്ച് പണം വേണം,
ഞാൻ രക്ഷപെട്ടാൽ മാത്രമേ അവളെ എനിക്ക് രക്ഷപ്പെടുത്താൻ പറ്റു, അതുകൊണ്ട് എനിക്ക് പണം ആവശ്യമാണ്….. ” എങ്കിൽ പിന്നെ നീ മറ്റൊന്നും നോക്കണ്ട, അവൾക്ക് നിന്നോട് സ്നേഹം ആണെന്ന് പറഞ്ഞാലും, അത് പ്രായത്തിന്റെ വെറും തോന്നലാണോ എന്ന് അറിയില്ലല്ലോ, ” അതെ ഇനി വരുന്നതിന്റെ ബാക്കി, തീരുമാനിച്ചു കഴിഞ്ഞു….
ഇനി അതിൽ ഒരു മാറ്റവും ഇല്ല…. ഉറച്ചതായിരുന്നു അവൻറെ മറുപടി 🌼🌼🌼 ” സത്യമാണോ നീ പറയുന്നത്…? നീതു അവളോട് ചോദിച്ചു… ” അതേ നമ്മളെ കണ്ടോണ്ട് ആൾ ബൈക്ക് സ്ലോ ചെയ്തിരുന്നു, എന്തോ പറയാൻ ആണെന്ന് തോന്നുന്നു…. അപ്പോഴേക്കും വണ്ടി വന്നു, നീ ആളെ കണ്ടില്ല എനിക്കാണെങ്കിൽ എന്തെങ്കിലും പറയാനുള്ള സാഹചര്യം ഉണ്ടായില്ല. . ദിവ്യ ഉത്സാഹത്തോടെ പറഞ്ഞു… ” ഇനി വഴക്ക് പറയാൻ ആവോ…? അല്പം സംശയത്തോടെ നീതു ചോദിച്ചു….
” അത് അറിയില്ല പക്ഷേ നമ്മളോട് എന്തൊ പറയാൻ വേണ്ടി തന്നെയായിരുന്നു, വേറെ ആരും അവിടെ ഇല്ലാരുന്നു… ” എങ്കിൽ നിനക്ക് എന്നെ പിടിച്ചു നിർത്തി കൂടായിരുന്നോ….? ” ഞാൻ ഫൂൾ ഷോക്ക്ഡ് ആയിരുന്നു…. അന്ന് കോളേജിൽ ഇരുന്നപ്പോൾ മുഴുവൻ ദിവ്യയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു… അല്ലെങ്കിലും രാവിലെ ആ ബസ്റ്റോപ്പിൽ മനസ്സ് നൽകി ശരീരം മാത്രമായിരുന്നല്ലോ തനിക്കൊപ്പം വന്നത്,
വൈകുന്നേരം ആവാൻ അവൾ കൊതിച്ച.. അവസാന മണിയും അടിച്ചു കഴിഞ്ഞപ്പോൾ നീതുവിനോടൊപ്പം പായുകയായിരുന്നു….. വായനശാലയുടെ അരികിൽ വണ്ടി നിർത്തിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി…. ചുറ്റും പരതി ആ പ്രിയ മുഖത്തിന് വേണ്ടി…. പലവട്ടം നോക്കിയെങ്കിലും കണ്ടില്ല,
ഒടുവിൽ വേദനിച്ച് ഹൃദയത്തോടെ നീതുവിനോട് യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് വയൽ വരമ്പത്ത് പരിചിതമായ ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്… തിരിഞ്ഞു നോക്കാൻ പോലും കെൽപില്ല, എന്തുകൊണ്ടോ ഹൃദയതാളം അത് അനുവദിക്കുന്നില്ല… നിശ്ചലമായിപ്പോയ അവസ്ഥ….! അപ്പോഴേക്കും ആ ബൈക്ക് തൻറെ അരികിൽ കൊണ്ടു വന്ന് നിർത്തിയിരുന്നു…. ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും അവൾ മറന്നു പോയി………..
തുടരും…………