പലര്‍ക്കും നെറ്റിയില്‍ അമിതമായി കുരുക്കള്‍ പൊന്തിനില്‍ക്കുന്നതായി കാണാം. മിക്കതും ചൂടുകുരു പോലെ ചെറിയ ചെറിയ കുരുക്കളാകാം. ഇല്ലെങ്കില്‍ ചിലപ്പോള്‍ വലിയ രണ്ട് മൂന്ന് കുരുക്കള്‍ വീതം പ്രത്യക്ഷപ്പെടുന്നത് കാണാം. ഇവര്‍ക്ക് മിക്കപ്പോഴും നെറ്റിയില്‍ മാത്രമായിരിക്കും കുരുക്കള്‍ കാണുന്നത്. ഇത്തരത്തില്‍ നെറ്റിയില്‍ കുരുക്കള്‍ വരാന്‍ നിരവധി കാരണങ്ങളുണ്ട്.
അവ എന്തൊക്കെയാണെന്ന് നോക്കാം..
മുടി വൃത്തിയാക്കാത്തത് നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ ബാധിക്കും എന്ന് നിങ്ങള്‍ക്കറിയാമോ?വൃത്തിഹീനമായ തലയോട്ടി ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമാണ് മുടി. ഇത് നിങ്ങളുടെ നെറ്റിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ നിങ്ങളുടെ മുഖത്ത് എണ്ണമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകള്‍ കാരണം നെറ്റിയില്‍ കുരുക്കള്‍ ഉണ്ടായേക്കാം.
നെറ്റിയിലെ മുഖക്കുരു താരന്‍ കാരണവും ഉണ്ടാകാറുണ്ട്. കാരണം താരന്റെ ചെറിയ പൊടികള്‍ പോലും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. താരന്‍ നെറ്റിയിലേക്ക് ഇറങ്ങുകയും അത് മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. താരന്റെ പൊടികള്‍ നെറ്റിയിലും പുരികത്തിലും പെട്ടെന്നാണ് വീഴുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഫംഗസ് ആണ് താരന്റെ പിന്നില്‍. അതുകൊണ്ട് താരനെ പ്രതിരോധിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ നെറ്റിയിലെ കുരുവും ഇല്ലാതാകും.
ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കൂടെ വരുന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. സമ്മര്‍ദ്ദവും മുഖക്കുരുവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥകള്‍ കൂടിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്നു. സെബം ഉല്‍പാദനത്തെ ബാധിക്കുന്ന ഒരു കൂട്ടം ചര്‍മ്മത്തെ, പലപ്പോഴും സമ്മര്‍ദ്ദം ബാധിക്കുകയും അതിന്റെ ഫലമായി മുഖത്ത് ഇത്തരം കുരു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.
പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്ന സമയത്ത് പലരിലും വളരെ വലിയ തോതില്‍ തന്നെ മുഖക്കുരു ഉണ്ടാവുന്നുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും അവ മുഖക്കുരു പോലുള്ളവയായി മാറുകയും ചെയ്യുന്നു. ഇത് കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്.
ചില മരുന്നുകളുടെ പാര്‍ശ്വഫലം എന്നോണം മുഖക്കുരു പലരിലും ഉണ്ടാവുന്നുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ പോലുള്ള മരുന്നുകള്‍ ഇടയ്ക്കിടെയും അനിയന്ത്രിതമായും ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. മരുന്ന് കഴിച്ചതിന്റെ പാര്‍ശ്വഫലം എന്നോണം നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് ശ്രദ്ധിക്കണം.