തിരുവനന്തപുരം: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ തിരഞ്ഞെടുത്തു. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍.
സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.
ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.
ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരൻ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും. 160 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.