സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്ക് ഭാഗത്തുള്ള റണ്‍വേയുടെ നിര്‍മാണ പ്രവൃത്തികൾ തുടങ്ങി. ‘നിർമിക്കാം മികച്ച വിമാനത്താവളം’ കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കീഴിലാണ് നിര്‍മാണം നടത്തുന്നത്.
വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിമാനത്താവള ശേഷി കൂട്ടുന്നതിനുമാണ് പദ്ധതിയെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. നിർമാണ പ്രവൃത്തികളുടെ ഭാഗമായി ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ലഗേജ് സൂക്ഷിപ്പുകേന്ദ്രവും വിമാനത്താവളത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘദൂര യാത്രയുടെ ഭാഗമായെത്തി തുടര്‍യാത്രക്കുള്ള വിമാനം കാത്തിരിക്കുന്ന വേളയില്‍ ലഗേജുകളും മറ്റും വിമാനത്താവളത്തില്‍ സൂക്ഷിച്ച ശേഷം പുറത്തിറങ്ങി രാജ്യം ചുറ്റിക്കാണാനുള്ള അവസരമാണ് ഇതിലൂടെ യാത്രികര്‍ക്ക് ലഭ്യമാവുക.
ടെര്‍മിനല്‍ എയുടെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒമ്പതിനായിരുന്നു അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനര്‍നാമകരണം ചെയ്തത്. 2023 നവംബര്‍ ഒന്നിന് വിമാന സര്‍വിസുകള്‍ക്കായി ടെര്‍മിനല്‍ എ തുറന്നുകൊടുത്തെങ്കിലും 2024 ഫെബ്രുവരിയിലായിരുന്നു ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം.