യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ചൊവ്വാഴ്ച രേഖപ്പെടുത്തി. സ്വൈഹാനിൽ വൈകീട്ട് 3.45ഓടെയാണ് 50.08 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച 50.07 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളിൽ സെപ്റ്റംബർവരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
ഇതോടെയാണ് രാജ്യത്ത് ചൂട് പാരമ്യതയിലേക്ക് കടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ശക്തമായത് വളരെ നേരത്തേയാണ്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിൽ എത്തിയത്. എന്നാൽ, ഇത്തവണ ജൂലൈ പിറക്കുന്നതിന് മുമ്പുതന്നെ ചൂട് പാരമ്യതയിലേക്ക് നീങ്ങി. അതിനിടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ പൊടിക്കാറ്റുണ്ടായി. പിന്നീട് ഉച്ചയോടെ അന്തരീക്ഷം തെളിയുകയായിരുന്നു.