മലപ്പുറം: മലപ്പുറത്ത് മൊബൈൽ സിംകാർഡ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സിം എടുക്കാൻ വരുന്നവർ അറിയാതെ വേറെയും സിംകാർഡുകൾ ആക്ടിവേറ്റ് ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
അബ്ദുൽ ഷമീറിന്റെ വീട്ടിൽ നിന്നും 1500 ഓളം വിവിധ കമ്പനികളുടെ സിം കാർഡുകളും, 1000ൽ പരം സിം കാർഡ് കവറുകളും, 172000 രൂപയും പൊലീസ് കണ്ടെടുത്തു.
2023 നവംബറിൽ മലപ്പുറം ജില്ലയിൽ ബിഎസ്എൻഎൽ സിം കാർഡുകൾ ഒന്നിച്ച് ആക്ടീവ് ആവുകയും പിന്നീട് ഒരുമിച്ച് ഡീആക്റ്റീവായി മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് സൈബർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്തരത്തിൽ 180 ഓളം ബിഎസ്എൻഎൽ സിംകാർഡുകൾ ഒന്നിച്ച് മറ്റു സേവന ദാതാക്കളിലേക്ക് മാറിയെന്നും തെളിഞ്ഞത്. എന്നാൽ ഈ കാർഡുകൾ ഉടമസ്ഥർ അറിയാതെ എടുത്തവയാണ്. ഇത്തരത്തിൽ കൈക്കലാക്കുന്ന സിം കാർഡുകൾ ഉടമസ്ഥർ അറിയാതെ യൂണിഖ് പോർട്ടിങ് കോഡ് ശേഖരിച്ച് വില്പന നടത്തുകയാണ് പതിവ്.
പ്രതിയെ കോടതിയിൽ ഹാജരാക്കും.