മ്യൂണിക്ക്: അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. നേരത്തേ മറ്റൊരു ജര്‍മന്‍ താരം ടോണി ക്രൂസിന്റെ അവസാന മത്സരവും സ്‌പെയിനിനെതിരായ ക്വാര്‍ട്ടറായിരുന്നു.
ദേശീയ കുപ്പായം അഴിക്കുമെങ്കിലും ഒരു സീസണിൽക്കൂടി ബയേണിന് വേണ്ടി മുള്ളർ കളിച്ചേക്കും. ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം വ്യക്തമല്ല. 2025 വരെ ക്ലബ്ബുമായി താരത്തിന് കരാറുണ്ട്. സ്‌പെയിനിനെതിരായ മത്സരം തന്റെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് മുള്ളര്‍ പ്രതികരിച്ചതായി ഒരു ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍ ലോകകപ്പ് കിരീടം നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു.
ഒരു പതിറ്റാണ്ടിലേറെയായി ജര്‍മനിയുടെ മുന്നേറ്റനിരയിലെ പ്രധാനിയായിരുന്നു മുള്ളര്‍. 2010ൽ അർജന്റീനയ്‌ക്കെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു മുള്ളറുടെ അരങ്ങേറ്റം. ജര്‍മനിക്കായി 131 മത്സരങ്ങള്‍ കളിച്ച മുള്ളര്‍ 45 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ലോഥര്‍ മത്തേയൂസും (150 കളികളില്‍ 63 ഗോളുകള്‍), മിറോസ്ലാവ് ക്ലോസെയും (137 കളികളില്‍ 46 ഗോളുകള്‍) മാത്രമാണ് മുള്ളര്‍ക്ക് മുന്നിലുള്ളത്.
അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് മുള്ളർ വിരമിക്കുന്നതോടെ ജർമൻ ഫുട്ബാളിൽ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത്. മറ്റൊരു ജർമൻ മിഡ്ഫീൽഡ് ഇതിഹാസം ടോണി ക്രൂസും യൂറോ കപ്പോടെ ഫുട്ബാളിൽനിന്ന് വിരമിച്ചിരിന്നു.