ഇന്ന് മനുഷ്യനെ വെല്ലുന്ന റോബോട്ടുകളുടെ കാലമാണ്. അതില്‍ തന്നെ ഒരു വിശ്വസുന്ദരിയുണ്ട്. പേര് കെൻസ ലെയ്ലി.പറഞ്ഞുവരുന്നത് എഐ സുന്ദരികള്‍ക്കായി ലോകത്താദ്യമായി നടന്ന വിശ്വസുന്ദരി മത്സരത്തെക്കുറിച്ചാണ്. മനുഷ്യർക്ക് പകരം ചുവടുവെച്ചത് സൗന്ദര്യത്തിലും ബുദ്ധിയിലും മനുഷ്യനെ വെല്ലുന്ന എ.ഐ മോഡലുകള്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനല്ലെന്ന് ആരും പറയില്ല. അങ്ങനെ ഹിജാബണിഞ്ഞ് ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെൻസ ലെയ്ലി. ‘മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ഞാൻ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഞാൻ’ എന്നാണ് കെൻസ തന്റെ നേട്ടത്തോട് പ്രതികരിച്ചത്.
1500 എഐ നിർമിത മോഡലുകളെ പിന്തള്ളിയാണ് കെൻ കിരീടം ചൂടിയത്. 20000, ഡോളറാണ് സമ്മാനത്തുക. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈൻ ഇൻഫ്ളുവൻസ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഫ്രഞ്ച് എ.ഐ സുന്ദരിലാലിന വാലിനയാണ് ഫസ്റ്റ് റണ്ണർ അപ്പും പോർച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിർമ്മിച്ച ഇന്ത്യൻ എഐ സുന്ദരി സാറാ ശതാവരി അവസാനപത്തില്‍ ഇടംപിടിച്ചിരുന്നു. ഇൻസ്റ്റാഗ്രാമില്‍ രണ്ടലക്ഷത്തോളം ഫോളോവേഴ്സുള്ള ലൈഫ്സ്റ്റൈല്‍ ഇൻഫ്ളുവൻസറും ആക്ടിവിസ്റ്റുമാണ് കെൻസ. ആദ്യ എഐ നിർമിത മൊറോക്കൻ വെർച്വല്‍ ഐഡന്റിറ്റിയെന്ന് ബയോയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. മൊറോക്കൻ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യൻ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെൻസയുടെ ജീവിതലക്ഷ്യം. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്പതുകാരനായ മെറിയം ബെസയാണ് മൊറോക്കൻ പാരമ്ബര്യത്തിലൂന്നി കെൻസയെ നിർമിച്ചിരിക്കുന്നത്. ‘സാങ്കേതിക മേഖലയില്‍ മൊറോക്കൻ, അറബ്, ആഫ്രിക്കൻ, മുസ്ലീം സ്ത്രീകളെ ഹൈലൈറ്റ് ചെയ്യാൻ കെൻസയിലൂടെ സാധിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും മെറിയം പ്രതികരിച്ചു. നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കെൻസയോട് ഏഴ് ഭാഷകളില്‍ സംവദിക്കാം.
സൗന്ദര്യത്തേക്കള്‍ കെൻസയുടെ വ്യക്തിത്വവും ലോകത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ അവള് എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതുമാണ് തങ്ങളെ കൂടുതല്‍ ആകർഷിച്ചതെന്ന് വിധികർത്താക്കളില്‍ ഒരാളായ ഐറ്റാന ലോപ്പസ് പറഞ്ഞു. അതിനായി മികച്ചരീതിയില്‍ സോഷ്യല്‍ മീഡിയ സ്പേസ് ഉപയോഗിക്കുന്നു എന്നും വിധികർത്താക്കള്‍ വിലയിരുത്തി.ഫേഷ്യല്‍ എക്സ്പ്രഷൻസ്, കൈകള്‍, കണ്ണുകള്‍, വസ്ത്രങ്ങള്‍ എന്നിവയിലെ ഡീറ്റെയ്ലിങ് മികച്ച നിലവാരമുള്ളതായിരുന്നുവെന്നും വിധികർത്താക്കള്‍ പറയുന്നു. ഇൻസ്റ്റഗ്രാമില്‍ 1.17 ലക്ഷം ഫോളോവർമാരാണ് ഫസ്റ്റ് റണ്ണർ അപ്പ് ലാലിന വാലിനയ്ക്കുള്ളത്. സെക്കന്റ് റണ്ണറപ്പായ പോർച്ചുഗലിന്റെ ഒളിവിയ സിയ്ക്കാകട്ടെ പന്ത്രണ്ടായിരത്തോളവും. എണ്ണായിരത്തോളം ഫോളോവേഴ്സാണ് ഇന്ത്യക്കാരി സാറ ശതാവരിക്കുള്ളത്. ഏപ്രിലിലാണ് എഐ ബ്യൂട്ടികള്‍ക്കായുള്ള സൗന്ദര്യമത്സരത്തിനായി ഫാൻവ്യൂ വേള്‍ഡ് എഐ ക്രിയേറ്റർ അവാർഡുകള്‍ ക്ഷണിച്ചത്. എഐ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രചോദനമാകാനും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനുമാണ് ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തിയത്.