തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ കൗൺസിലിൽ തർക്കം. പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ എതിർത്ത് സിപിഐ കൗൺസിലിൽ വി എസ് സുനിൽകുമാർ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
പിന്നാലെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് പ്രസിഡന്റ് എന്‍ അരുണ്‍ രംഗത്തെത്തി. 40 വയസിന് മുന്‍പ് എംഎല്‍എയും 50 വയസിന് മുന്‍പ് മന്ത്രിയുമായാള്‍ തന്നെ ഇതു പറയണമെന്ന് അരുണ്‍ യോഗത്തില്‍ പരിഹസിച്ച് മറുപടി പറഞ്ഞു.
സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ നേരത്തെ തർക്കമുണ്ടായത്. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ പി.പി.സുനീറിനെ അവസാനഘട്ടത്തിൽ തെരഞ്ഞെടുക്കുകയായിരുന്നു.
കൂടാതെ മന്ത്രിമാരെ പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അറിയിച്ചു. മന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളില്‍ തുടരുന്നത് ഭരണത്തെ ബാധിക്കുമെന്നായിരുന്നു കൗണ്‍സിലിലെ വിമര്‍ശനം. എന്നാല്‍, എക്‌സിക്യൂട്ടീവില്‍ നിന്ന് മന്ത്രിമാരെ ഒഴിവാക്കണമെന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോള്‍ എക്‌സിക്യൂട്ടീവിലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്.