രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങളെ പരാജയപ്പെടുത്തി. വിവിധ കേസുകളിലായി ആകെ15 പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽ 5,429 മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്. ദമ്മാമിൽ ഏഴ് കിലോ മെത്താംഫെറ്റമിൻ വിൽക്കാൻ ശ്രമിച്ചതിന് വിദേശിയെ അറസ്റ്റ് ചെയ്തു.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ 79,700 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന തകർത്തു. മേഖലയിലെ അൽ ദായർ സെക്ടറിലെ ലാൻഡ് പട്രോളിങ് സംഘം മയക്കുമരുന്ന് കടത്ത് തടയുകയും പ്രതികളെ മേലധികാരികൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
275 കിലോ ലഹരിച്ചെടിയായ ഗാത് കടത്താൻ ശ്രമിച്ച 11 പേരെ അസീർ രക്ഷാസേന പിടികൂടി. അസീർ പ്രവിശ്യയിലെ അൽ റബുഅ മേഖലയിൽനിന്നാണ് ഇത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് പിഴ, നാടുകടത്തൽ, തടവ്, വധശിക്ഷ തുടങ്ങിയ കനത്ത ശിക്ഷകളാണുള്ളത്.