ഗ്ലോബൽ കമ്യൂണിക്കേഷൻ വിദഗ്ധൻ മാർട്ടിൻ ബ്ലാങ്കനെ ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനിയായ ‘നിയോ സ്പേസ് ഗ്രൂപ്പി’ന്റെ സി.ഇ.ഒ ആയി നിയമിച്ചു. സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹയുടെ നേതൃത്വത്തിലുള്ള നിയോ സ്പേസ് ഗ്രൂപ് ഡയറക്ടർ ബോർഡാണ് നിയമിച്ചത്. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സൗദി കമ്പനിയാണിത്.
വിവിധ ഭ്രമണപഥങ്ങളിലെ ഉപഗ്രഹങ്ങൾ വഴി സൗദിയിൽനിന്ന് ലോകത്തിന് ബഹിരാകാശ സേവനങ്ങൾ നൽകാനാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. 25 വർഷത്തിലേറെയായി കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി മേഖലയിൽ വലിയ പ്രവൃത്തി പരിചയമുള്ള വിദഗ്ധനാണ് ബ്ലാങ്കൻ.
ഗ്രൂപ്പിന്റെ പുരോഗതിയിൽ ഫലപ്രദവും സുപ്രധാനവുമായ പങ്ക് വഹിക്കാനും പ്രവർത്തനഫലത്തിൽ വലിയ മാറ്റമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് സൗദി വിലയിരുത്തുന്നത്. ഗ്രൂപ്പിലേക്ക് വരുന്നതിന് മുമ്പ് ബ്ലാങ്കൻ നിരവധി എക്സിക്യൂട്ടിവ്, അഡ്വൈസറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.