രാജ്യത്തെ പൊതുഗതാഗത മേഖലക്ക് കരുത്ത് പകരാൻ തന്ത്രപ്രധാനമായ നീക്കവുമായി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്. ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പൊതുഗതാഗത ബസ് പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അൽ മഹാ പെട്രോളിയം പ്രൊഡക്ട്സ് മാർക്കറ്റിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു.
രാജ്യത്തെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും ഹരിത ഊർജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രണ്ട് കമ്പനികളുടെയും പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സുപ്രധാന ചുവടുവെപ്പ്. അതേസമയം, രാജ്യത്തെ പൊതുഗതാഗത സംവിധാനത്തോട് ആളുകൾക്കുള്ള താൽപര്യം ദിനേനെ വർധിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ബസ് വഴി യാത്ര ചെയ്തത് 120,000 ആളുകളായിരുന്നു. 7,000 ആളുകൾ ഫെറിയിലൂടെയും യാത്ര ചെയ്തു. പൊതുഗതാഗതത്തിനോടുള്ള സ്വദേശികളുടെയും വിദേശികളുടെയും വർധിച്ചുവരുന്ന താൽപര്യമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ മുവാസലാത്തിന് സഹായകമായത്. ചരക്കുകളുടെ കടത്തിലും ഇക്കാലയളവിൽ ഗണ്യമായ വർധനവുണ്ടായി.