മ്യൂണിക്: സെമി ഫൈനല്‍ മത്സരം ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തിനിടെ സ്‌പെയിന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയ്ക്ക് പരിക്ക്. സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ തെന്നിമാറി മൊറാട്ടയുടെ കാല്‍മുട്ടില്‍ വന്നിടിക്കുകയായിരുന്നു. സ്‌പെയിന്‍ ടീമിന്റെ വിജയാഘോഷത്തിനിടെ മൈതാനത്തേക്കിറങ്ങിയ കാണികളില്‍ ഒരാളെ പിടിക്കാനുള്ള ഓട്ടത്തിനിടെയാണ് സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ അബദ്ധത്തില്‍ തെന്നിമാറി മൊറാട്ടയുടെ കാല്‍മുട്ടില്‍ വന്നിടിച്ചത്.
പെട്ടെന്നുണ്ടായ ആഘാതത്തില്‍ വേദനയോടെ നില്‍ക്കുന്ന മൊറാട്ടയുടെ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു. അതേസമയം മൊറാട്ട ഫൈനലില്‍ കളിക്കുമെന്ന് സ്‌പെയിന്‍ കോച്ച് ലൂയിസ് ഡെലാ ഫുഎന്‍ഡെ പ്രതികരിച്ചു. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.
വിജയത്തിനു ശേഷം സ്പാനിഷ് താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ വലയം മറികടന്ന് കാണികളിലൊരാള്‍ ഗ്രൗണ്ടിലേക്ക് ഓടി ഇറങ്ങിയത്. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനാണ് ഇയാള്‍ മൈതാനത്തിലേക്ക് ഇറങ്ങിയത്. ഇയാളെ പിടിച്ചുമാറ്റാന്‍ ഒന്നിലധികം സുരക്ഷാ ജീവനക്കാര്‍ എത്തിയിരുന്നു. ഇതിനിടെയാണ് ഇവരില്‍ ഒരാള്‍ തെന്നി മൊറാട്ടയുടെ കാലില്‍ വന്നിടിച്ചത്. ഫ്രാന്‍സിനെതിരെ ആയിരുന്നു സ്‌പെയിനിന്റെ സെമി ഫൈനല്‍ മത്സരം.