തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിലവിൽ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തിച്ചേർന്നിട്ടുണ്ട്. 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് മദർഷിപ്പ് എത്തും. ഒൻപത് മണിക്ക് ബെർത്തിംഗ്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേൽക്കും. തുറമുഖമന്ത്രി വി.എന്‍.വാസവന്‍ വിഴിഞ്ഞത്തെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. നാളെയാണ് ട്രയൽ റൺ നടക്കുക.
ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. 12ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം. പുറം കടലില്‍ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെര്‍ത്തിലേക്ക് വാട്ടര്‍ സല്യൂട്ടോടെ വരവേല്‍ക്കും. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജ് നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക.
12ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്‌നറുകള്‍ ആവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്‌മെന്റ്) നടത്തുന്നതിനായി മാറിന്‍ അജൂര്‍, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് സൂചന.