ദില്ലി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി കേന്ദ്രസർക്കാർ സുപ്രീം കോട തിയിൽ പുതിയ സത്യവാങ്മൂലം നൽകി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കും.
ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു.
ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയെ നീറ്റ് മേൽനോട്ടത്തിനു നിയോഗിക്കാമെന്ന ശുപാർശയും കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നു. കേന്ദ്രത്തിന്റെ വിശദീകരണം കൂടി പരിഗണിച്ചായിരിക്കും വീണ്ടും പരീക്ഷ നടത്തണമോ എന്ന വിഷയത്തിൽ കോടതി തീരുമാനമെടുക്കുക.