കോഴിക്കോട് : ആളില്ലാത്തതിനാൽ നവകേരള ബസ് സർവീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കുള്ള ബസാണ് ആളില്ലാത്തതിന്റെ പേരിൽ സർവീസീന് നിർത്തിയത്. ഒരാൾ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും സർവീസ് നടത്തിയില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.
ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
മുഖ്യമന്ത്രി അടക്കമുള്ളവർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സർവീസ് ആരംഭിച്ചത്. ബസിന് സർവീസ് നർത്താനാകാത്തത് സംസ്ഥാന സർക്കാരിന്റെ അഭിമാന പ്രശ്നം തന്നെയാകും. പ്രതിപക്ഷം ഇത് ആയുധമാക്കാനും സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ വിഷയത്തിൽ മന്ത്രി ഗണേശ് കുമാർ നേരിട്ട് ഇടപെട്ടേക്കും.
എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.
















