കേരളം പകര്‍ച്ചപ്പനിയും, കോളറയും, ഒമിത്രോണും, കോവിഡുമൊക്കെയായി കിടക്കയിലേക്ക് വീണിരിക്കുകയാണ്. പകര്‍ച്ചപ്പനി ഇല്ലാത്തവര്‍ക്ക് കോളറയുണ്ട്. കോളറ ബാധിക്കാത്തവര്‍ക്ക് കോവിഡുണ്ട്. അങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊന്ന് പിടിപെട്ടുകൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. ഈ അസുഖങ്ങള്‍ക്കെല്ലാം പൊതുവായൊരു കുഴപ്പമുണ്ട്. ശ്വാസകോശത്തെ ബാധിക്കലാണത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ്, അതായത്, ജീവശ്വാസത്തിന്റെ അളവ് കുറയ്ക്കുക. അതുവഴി മരണം സംഭവിപ്പിക്കുക. ഇതാണ് പ്രധാനമായും ഈ രോഗങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്.
രോഗമുള്ളവര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൂക്ഷിച്ചോളൂ, ചികിത്സ വേഗത്തില്‍ നല്‍കേണ്ട സമയം ആയിരിക്കുന്നുവെന്ന്. എന്നാല്‍, സ്വന്തം ശരീരം രോഗാതുരമായി വീഴുമെന്ന് ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പള്‍സ് ഓക്‌സീമീറ്റര്‍. കോവിഡ് കാലം നമ്മുടെ കൈകളില്‍ എത്തിച്ച മൂന്നു മെഡിക്കല്‍ ഉപകരണങ്ങളില്‍ ഒന്നാണിത്. മറ്റുള്ളവര്‍ മാസ്‌ക്കും, തെര്‍മോ മീറ്ററുമാണ്. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടോ എന്നറിയാന്‍ കഴിയുന്ന ഒരു ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍?.
ഇത് വീടുകളില്‍ സൂക്ഷിക്കുന്നത് അത്യാവശ്യമാണ്. കോവിഡിനു ശേഷം വന്ന ഒമിക്രോണ്‍ ശ്വാതകോശത്തെ ബാധിക്കുന്ന രോഗമാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവിനെ വല്ലാതെ കുറച്ച് ശരീരത്തെ ക്ഷയിപ്പിക്കാന്‍ കഴിയുന്ന രോഗം. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമ്പോള്‍ വീട്ടിലിരുന്ന് ഓക്‌സിജന്‍ നില എങ്ങനെ പരിശോധിക്കാം എന്നണ് അറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ചില ആളുകള്‍ വീട്ടില്‍ വച്ച് തന്നെ ഓക്സിജന്റെ അളവ് നിരീക്ഷിക്കുന്നതിനായി പള്‍സ് ഓക്‌സിമീറ്റര്‍ എന്ന ഉപകരണം സ്വന്തമായി വാങ്ങാറുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് കോവിഡ്‌രൂക്ഷമാകുന്നതിന്റെ പ്രാരംഭ ലക്ഷണമാണ്.
എന്നാല്‍ എല്ലാവര്‍ക്കും ഈ ലക്ഷണം ബാധകമാകണമെന്നില്ല. ചില ആളുകള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകാതെയും ഓക്സിജന്റെ അളവ് കുറവായിരിക്കും. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ വീട്ടില്‍ വച്ച് തന്നെ ഓക്സിജന്റെ അളവ് ഇടയ്ക്കിടയ്ക്ക് നിരീക്ഷിക്കുന്നുണ്ട്. ചിലര്‍ക്ക് കോവിഡ് ഹോം കെയര്‍ പദ്ധതിയുടെ ഭാഗമായി പള്‍സ് ഓക്‌സിമീറ്ററുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യാറുമുണ്ട്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുമ്പോഴും മറ്റും സ്വന്തം ഓക്സിജന്റെ അളവ് നിരീക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ ശ്വാസകോശം നിങ്ങളുടെ രക്തത്തില്‍ ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും.
മാത്രമല്ല ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് അടിയന്തിര വൈദ്യസഹായം തേടുകയും ചെയ്യാം. വര്‍ഷങ്ങളായി ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പള്‍സ് ഓക്‌സിമീറ്റര്‍. എന്നാല്‍ വീട്ടില്‍ ഉപയോഗിക്കാനായി വാങ്ങാന്‍ കഴിയുന്ന മിക്ക പള്‍സ് ഓക്‌സിമീറ്ററുകളും വിരല്‍ത്തുമ്പില്‍ ഘടിപ്പിക്കുന്ന വിധത്തിലാണ് പുറത്തിറക്കിയിട്ടുള്ളത്. ഉണങ്ങാന്‍ വിരിക്കുന്ന തുണികള്‍ പറന്നു പോകാതിരിക്കാന്‍ ഉപയോഗിക്കുന്ന ക്ലിപ്പിന് സമാനമായാണ് പള്‍സ് ഓക്സിമീറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ലിപ്പിന്റെ ഒരു വശം പ്രകാശിക്കുകയും മറുവശത്തുള്ള സെന്‍സര്‍ വഴി ഓക്സിജന്റെ അളവ് രേഖപ്പെടുത്തുകയും ചെയ്യും.
ഈ ഉപകരണം നിങ്ങളുടെ രക്തത്തിന്റെ നിറം പരിശോധിച്ചാണ് ഓക്സിജന്റെ അളവ് കണ്ടെത്തുന്നത്. കൂടുതല്‍ ഓക്സിജന്‍ വഹിക്കുന്ന രക്തം കടും ചുവപ്പ് നിറത്തിലും ഓക്സിജന്റെ അളവ് കുറഞ്ഞ രക്തം നീല കലര്‍ന്ന നിറത്തിലുമായിരിക്കും ഉണ്ടാവുക. ഓക്‌സിമീറ്റര്‍ രക്തത്തിന്റെ നിറത്തെ ആശ്രയിച്ച് ഓക്സിജന്റെ അളവ് രേഖപ്പെടുത്തും. പള്‍സ് ഓക്സിമീറ്റര്‍ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ അളവ് വഴിയാണ് രക്തത്തിന്റെ നിറം മനസ്സിലാക്കുന്നത്. ഇതനുസരിച്ച് രക്തത്തിലെ ഓക്‌സിജന്റെ ശതമാനം പള്‍സ് ഓക്സിമീറ്ററിനു മുകളിലുള്ള സ്‌ക്രീനില്‍ തെളിയും.
ഓക്സിജന്‍ സാച്ചുറേഷന്‍ നിലയാണ് പള്‍സ് ഓക്സിമീറ്റര്‍ രേഖപ്പെടുത്തുന്നത്. ആരോഗ്യമുള്ള ആളുകള്‍ക്ക് 95 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും ഓക്സിജന്റെ അളവ്. ഓക്‌സിമീറ്റര്‍ നിങ്ങളുടെ വിരലിലെ പള്‍സും അളക്കുന്നതിനാല്‍ അത് നിങ്ങളുടെ ഒരു മിനിറ്റിലെ ഹൃദയമിടിപ്പും പ്രദര്‍ശിപ്പിക്കും.
എങ്ങനെ ഉപയോഗിക്കാം?
നിലവിലെ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ല. അതിനാല്‍ ആരോഗ്യ വിദഗ്ധര്‍ രോഗികളെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കുകയും അവര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചാല്‍ മാത്രം ആശുപത്രിയില്‍ എത്താനുള്ള സേവനങ്ങള്‍ സജ്ജീകരിക്കുകയുമാണ് ചെയ്യുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് കോവിഡ് വഷളാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചനകളില്‍ ഒന്ന്. ശ്വാസകോശത്തിന് വീക്കം സംഭവിക്കുകയും ഓക്സിജന്‍ ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറയുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ തോന്നുന്നതിന് മുമ്പുതന്നെ ഇത് സംഭവിക്കാം. വിശ്രമവേളയില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ അളവ് 92 ശതമാനമോ 94 ശതമാനമോ ആയി കുറയുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഓസ്‌ട്രേലിയയിലെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
കൂടാതെ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, പ്രായമായവര്‍, പൂര്‍ണ്ണമായി വാക്സിനേഷന്‍ സ്വീകരിക്കാത്ത രോഗികള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരും എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിക്കുന്നതാണ് നല്ലത്. കുട്ടികളെ സംബന്ധിച്ചിടത്തോളം പള്‍സ് ഓക്സിമീറ്ററിലെ റീഡിംഗ് 95 ശതമാനമോ അതില്‍ താഴെയോ ആയിരിക്കും.
റീഡിംഗ് കൃത്യമാണോ?
ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിംഗുകള്‍ സാധാരണയായി വളരെ കൃത്യമാണ്. എന്നാല്‍ രക്തയോട്ടക്കുറവ് അല്ലെങ്കില്‍ തണുത്തിരിക്കുന്ന വിരലുകള്‍, ചലിച്ചു കൊണ്ടിരിക്കുന്ന വിരലുകള്‍ എന്നിവ ഉപകരണത്തെ ശരിയായി പള്‍സ് കണ്ടെത്തുന്നതില്‍ നിന്ന് തടസ്സപ്പെടുത്തും. കൈ വിരലുകള്‍ തണുത്തിരിക്കുകയാണെങ്കില്‍ റീഡിംഗ് എടുക്കുന്നതിന് മുമ്പ് കൈകള്‍ കൂട്ടിതിരുമ്മി ചൂടാക്കുക. അളവെടുക്കുമ്പോള്‍ പരമാവധി അനങ്ങാതെ ഇരിക്കുക. ചെറിയ കുട്ടികളുടെ റീഡിംഗ് എടുക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. നെയില്‍ പോളിഷ് ധരിക്കുന്നത് പ്രത്യേകിച്ച് ഇരുണ്ട നിറങ്ങളിലുള്ളവ ധരിക്കുന്നത് ഓക്‌സിമീറ്റര്‍ റീഡിംഗുകളില്‍ തെറ്റ് വരാന്‍ കാരണമാകും. അതിനാലാണ് ആശുപത്രികളില്‍ ജനറല്‍ അനസ്തെറ്റിക് നല്‍കുന്നതിന് മുമ്പ് നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുന്നത്. അതിനാല്‍ ഓക്സിജന്‍ നില പരിശോധിക്കുന്നതിനായി ഉപയോഗിക്കുന്ന വിരലുകളില്‍ നിന്ന് നെയില്‍ പോളിഷ് അല്ലെങ്കില്‍ അക്രിലിക് നഖങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്.
ആളുകളിലെ പള്‍സ് ഓക്സിമീറ്റര്‍ റീഡിംഗ്
ഇരുണ്ട ചര്‍മ്മമുള്ള ആളുകളില്‍ ചില പള്‍സ് ഓക്‌സിമീറ്ററുകളുടെ കൃത്യതയില്ലായ്മ അടുത്തിടെ വിവാദമായിരുന്നു. സോഫ്‌റ്റ്വെയര്‍ പ്രശ്‌നങ്ങള്‍ കാരണം ചില ഉപകരണങ്ങള്‍ ഇരുണ്ട ചര്‍മ്മമുള്ളവരില്‍ റീഡിംഗില്‍ വ്യത്യാസം കാണിക്കാറുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ ഇടവിട്ടും വിവിധ ദിവസങ്ങളിലുമുള്ള റീഡിംഗുകള്‍ നിരീക്ഷിച്ചും രോഗത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയും.
പള്‍സ് ഓക്സിമീറ്റര്‍ വാങ്ങണോ ?
നിങ്ങള്‍ക്ക് ഇവയുടെ വില താങ്ങാന്‍ കഴിയുമെങ്കില്‍ ഒരെണ്ണം വാങ്ങുന്നത് എന്തുകൊണ്ടും നല്ലതാണ്. ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം പോലെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ഓക്‌സിമീറ്റര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. മിക്ക വീടുകളിലും ഒരു തെര്‍മോമീറ്റര്‍ ഉള്ളതുപോലെ, ഒരു ഓക്‌സിമീറ്റര്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ ഒരു വീട്ടിലെ ഒന്നിലധികം ആളുകള്‍ക്ക് ഒരേ ഉപകരണം തന്നെ ഉപയോഗിക്കാം. എന്നാല്‍ ഒരാള്‍ ഉപയോഗിച്ച ശേഷം അടുത്ത വ്യക്തിയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഓക്സിമീറ്റര്‍ വൃത്തിയാക്കേണ്ടതുണ്ട്. ആന്റിസെപ്റ്റിക് വൈപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് വൃത്തിയാക്കാം.
വിവിധ പള്‍സ് ഓക്സിമീറ്ററുകള്‍
വേവ്‌ഫോം ഡിസ്‌പ്ലേ ഉള്ള പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങുന്നതാണ് നല്ലത്, അതുവഴി നിങ്ങളുടെ പള്‍സ് ഉപയോഗിച്ച് സമയക്രമം ക്രമീകരിക്കാനും ഓക്‌സിജന്‍ റീഡിംഗുകള്‍ കൃത്യമാണെന്ന് ഉറപ്പാക്കാനും കഴിയും. ചില സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഫോണുകള്‍ക്കും ഇപ്പോള്‍ ഓക്‌സിമീറ്റര്‍ ഫംഗ്ഷനുകളുണ്ട്. എന്നാല്‍ എപ്പോഴും ഒരു പള്‍സ് ഓക്‌സിമീറ്റര്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.
വീടുകളില്‍ നിര്‍ബന്ധമായും സൂക്ഷിക്കണം
കുട്ടികളും മുതിര്‍ന്ന വാര്‍ദ്ധക്യം ബാധിച്ചവരുമുള്ള വീടുകളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ഒരു മെഡിക്കല്‍ വസ്തുവാണ് പള്‍സ് ഓക്‌സീ മീറ്റര്‍. എപ്പോഴാണ് കോവിഡും ഒമിക്രോണും, പകര്‍ച്ചപ്പനികളും വരുന്നതെന്ന് പറയാനാകില്ല. പ്രത്യേകിച്ച് ഈ രണ്ടു വിഭാഗക്കാര്‍ക്കും. ഇവരുടെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ കൃത്യമായി മനസ്സിലാക്കി വേണം ചികിത്സയോ, മരുന്നുകളോ നല്‍കേണ്ടത്.
കേരളത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ഡെങ്കു, കോളറ, വൈറല്‍ ഫീവര്‍, ഛര്‍ദ്ദി, വയറിളക്കം, ഇതിനു പിന്നാലെ കോവിഡ് എന്നിവയുടെ പിടിയില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതുമൂലം മരണങ്ങളും സംഭവിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നുണ്ടോയെന്ന് സംശയമുണ്ട്. മഴക്കാല പൂര്‍വ്വശുചീകരണം പോലും താറുമാറായതോടെയാണ് പകര്‍ച്ചപ്പനികള്‍ കേരളത്തെ കീഴടക്കിയത്. കെട്ടിക്കിടക്കുന്ന മലിനജലം മുതല്‍ മാലിന്യക്കൂമ്പാരങ്ങളും, അടഞ്ഞ ഓടകളുമെല്ലാം രോഗവാഹകരായി മാറി.
CONTENT HIGHLIGHTS;Is it the time of Covid again?: If the breath of life is decreasing, you should be careful; What is a pulse oximeter?