കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടും അതിലൂടെ സര്‍വ്വകലാശാലയ്ക്ക് ബാധ്യത വരുത്തിയെന്നുമുള്ള ഹര്‍ജിയില്‍ കാലിക്കറ്റ് വി.സി എം.കെ ജയരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നാളെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നോട്ടീസ്. ഉത്തരകടലാസ് മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിനു ബജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാന്‍ നീക്കം നടത്തി. ഇതിലൂടെ സര്‍വകലാശാലയ്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി. നിയമ വിരുദ്ധമായി പണം അനുവദിച്ചതു വഴി വി.സി അവിഹിത സ്വത്തുസമ്പാദനം നടത്തി. ഇതെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ്.
പുനര്‍ മൂല്യനിര്‍ണ്ണയതിനുള്ള ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതിനായി ഓട്ടോമേറ്റഡ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനം എടുത്തിരിന്നു. എന്നാല്‍ ഇതു സര്‍വകലാശാലയ്ക് ഗുണകരം അല്ല എന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂണിവേഴ്‌സിറ്റിയിലെ ഫിനാന്‍സ് ഓഫീസര്‍ നോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ നോട്ട് മറികടന്നു കൊണ്ട് സര്‍വകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 9 കോടി രൂപയാണ് ആദ്യത്തെ എസ്റ്റിമേറ്റ് ആയി തീരുമാനിച്ചിരുന്നത് ഇതുതന്നെ അധികമാണെന്നും ചിലവ് ഇതില്‍ നിന്നും ഒരുപാട് അധികമാകും എന്നും ഫിനാന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഫയല്‍ നോട്ടില്‍ പറഞ്ഞതുപോലെ തന്നെ 9 കോടിയില്‍ ആരംഭിച്ച പദ്ധതി തീരുമ്പോള്‍ ഏകദേശം 26 കോടി രൂപയോളം ആയി. ബജറ്റില്‍ പറഞ്ഞിരുന്ന തുകയുടെ മുകളിലേക്ക് ചിലവ് അധികരിച്ചിട്ടും ഈ പറഞ്ഞ തുക മുഴുവന്‍ കരാറുകാര്‍ക്ക് നല്‍കുകയാണ് വൈസ് ചാന്‍സിലര്‍ ചെയ്തത്. സര്‍വകലാശാല ചട്ടപ്രകാരം സര്‍ക്കാര്‍ ഫിനാന്‍സ് സെക്രട്ടറി ഉള്‍ക്കൊള്ളുന്ന സ്റ്റാറ്റിയൂട്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ഈ നടപടി പിന്നീട് സിന്‍ഡിക്കേറ്റ് സാധൂകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി വന്‍ തുകകള്‍ അനുവദിച്ചത് വഴി സര്‍വകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുകയും അതില്‍ നിന്നും എം.കെ ജയരാജ് അവിഹിത സ്വത്തു സമ്പാദനം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
26 കോടി രൂപമുടക്കി പണിത ഈ സിസ്റ്റം ഇപ്പോള്‍ പൂര്‍ണമായും വര്‍ക്ക് ചെയ്യാതിരിക്കുകയും അതുവഴി 26 കോടി രൂപ മൊത്തത്തില്‍ നഷ്ടമാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. മുഴുവന്‍ ഓട്ടോമാറ്റിക് ആകും എന്നുപറഞ്ഞു നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ 15ലധികം യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരെ മുഴുവന്‍ സമയം നിയമച്ചാണ് നടപ്പിലാക്കുന്നത്. ഈ നടപടികള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് 2023 നവംബറില്‍ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.
CONTENT HIGHLIGHTS;High Court Notice Before Retirement: Syndicate Member’s Petition to Investigate Financial Irregularities and Corruption of Calicut V.C.