സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉള്‍പ്പെടെയുള്ള മുഖ്യ അലോട്ട്മെന്റ്കള്‍ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി ഈ ജില്ലകളില്‍ താത്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവനയിലൂടെയാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന നടപടി മന്ത്രി പ്രഖ്യാപിച്ചത്. മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
2023-24 അധ്യയന വര്‍ഷം സംസ്ഥാനത്ത് ആകെ 4,25,671 (നാലു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി എഴുപത്തൊന്ന്) വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്ലസ് വണ്‍ പഠനത്തിനായി ആകെ 4,33,471 (നാലു ലക്ഷത്തി മുപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തൊന്നു) സീറ്റുകള്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉള്‍പ്പെടെ സര്‍ക്കാര്‍ എയ്ഡഡ്,അണ്‍-എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ലഭ്യമാണ്. സര്‍ക്കാര്‍,എയ്ഡഡ് മേഖലയില്‍ 3,78,580 (മൂന്ന് ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അഞ്ഞൂറ്റി എണ്പ8ത്) സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
ഈ അക്കാദമിക വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്മെന്റുകളുടെ തുടക്കത്തില്‍ തന്നെ 2024 മെയ് 8-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023-24 വര്‍ഷം താല്‍ക്കാലികമായി അനുവദിച്ചതും നിലനിര്‍ത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകള്‍ തുടരുന്നതിനും മലബാര്‍ മേഖലയില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് അധികമായി 10 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് പ്രാദേശികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയുണ്ടായി.
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളുമായി 2024 ജൂണ്‍ 25 ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ പത്താം ക്ലാസില്‍ നിന്ന് തുടര്‍പഠന യോഗ്യത നേടിയ എല്ലാവര്‍ക്കും ഹയര്‍ സെക്കന്‍ഡറി പഠനത്തിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യത്തില്‍, കുറവുളള സീറ്റുകളുടെ എണ്ണം പരിശോധിച്ച് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്കാലിക അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.
ഈ കമ്മിറ്റി ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ സ്ഥിതി കണ്ണൂര്‍ വിദ്യാഭ്യാസ ഉപമേധാവിയും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടൂണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളില്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ക്ക് ശേഷം പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ താലൂക്കടിസ്ഥാനത്തില്‍ വിഷയ കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളില്‍ സീറ്റുകളുടെ കുറവ് സമിതി കണ്ടെത്തുകയുണ്ടായി. സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ജില്ലയിലെ 85 സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ പരിശോധിച്ചതില്‍ 74 സ്‌കളുകളില്‍ സൗകര്യം ഉണ്ടെന്നു കണ്ടെത്തി. പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഗവ. വിദ്യാലയങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ.
2024-25 വര്‍ഷത്തെ ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത സംബന്ധിച്ച സംസ്ഥാന തല സമിതി, ഇതു സംബന്ധിച്ച റീജിയണല്‍ സമിതികള്‍ ലഭ്യമാക്കിയ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ സമിതി ഇനി പറയുന്ന ശിപാര്‍ശകള്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
(i) മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാവുന്നതാണ്.
(ii) കാസറഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ്.
ഇനി പറയും പ്രകാരം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
(a) ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകള്‍ മലപ്പുറം ജില്ലയില്‍ അനുവദിക്കുന്നത് നിലവിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഉതകുന്നതാണ്.
(b) മലപ്പുറം ജില്ലയ്ക്ക് പുറമെ കാസര്‍ഗോഡ് ജില്ലയിലും വിവിധ താലൂക്കുകളില്‍ സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിഹരിക്കുന്നതിനായി ഒരു സയന്‍സ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പടെ ആകെ 18ബാച്ചുകള്‍ അനുവദിക്കുന്നതും ഉചിതമാണ്.
മലപ്പുറം ജില്ലയിലും കാസര്‍ഗോഡ് ജില്ലയിലുമായി ആകെ 138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നു.
നേരത്തെ പരാമര്‍ശിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നു. കാസറഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കുന്നു. ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
CONTENTHIGHLIGHTS;Plus one admissions: Malappuram 120, Kasaragod 18 additional Hirsa secondary batches allotted; Education Minister’s assurance in the Assembly