Sports

ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്നും മാറ്റാന്‍ ആലോചനയുമായി ഐസിസി; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രം ഇന്ത്യ പോകും-ICC plans to move Champions Trophy from Pakistan

അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ശ്രീലങ്കയിലോ, യുഎഇയിലോ നടത്താന്‍ ആലോചനയുമായി ഐസിസി. പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുന്ന കാര്യം സംശയമാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഒരു നഗരത്തില്‍ വെച്ച് നടത്താന്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണിത്. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും കളിക്കുന്ന സ്ഥലമായി ലാഹോര്‍ തിരഞ്ഞെടുത്തു. എന്നിരുന്നാലും, പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയില്‍ ഇന്ത്യന്‍ ബോര്‍ഡിന് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ പാക്കിസ്ഥാനിലാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2008-ലെ ഏഷ്യാ കപ്പിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതു കാരണം ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളൊന്നും കളിച്ചിട്ടില്ല. 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഇന്ത്യയില്‍ നടന്ന ഉഭയകക്ഷി പരമ്പര ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന പരമ്പരയെ അടയാളപ്പെടുത്തി. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയത്. ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാവാതിരുന്നാല്‍ അവിടെ നിന്ന് മാറുന്ന രണ്ടാമത്തെ ബഹുരാഷ്ട്ര ടൂര്‍ണമെന്റാകും. ഏഷ്യാ കപ്പ് 2023 ഒരു ഹൈബ്രിഡ് മോഡലിലാണ് ഡിസൈന്‍ ചെയ്ത്. അവിടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ നടന്നപ്പോള്‍ മറ്റുള്ളവ പാകിസ്ഥാനിലും നടന്നു. ചാമ്പ്യന്‍സ് ട്രോഫി ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ പോയാല്‍ പകിസ്ഥാന്‍ നേരിടേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കുകയുള്ളൂവെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല മെയ് മാസത്തില്‍ പറഞ്ഞിരുന്നു. ചാമ്പ്യന്‍ ട്രോഫിയുടെ കാര്യത്തില്‍, ഇന്ത്യാ ഗവണ്‍മെന്റ് ഞങ്ങളോട് ചെയ്യാന്‍ പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും. ഇന്ത്യാ ഗവണ്‍മെന്റ് ഞങ്ങളെ അനുവദിക്കുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഞങ്ങളുടെ ടീമിനെ അയക്കൂ. അതിനാല്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് പോകും. 2017ല്‍ അവസാനമായി നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരാണ് പാകിസ്ഥാന്‍.