വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നോട്ടീസ് നല്‍കിയത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ആയിരുന്നു. നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നുമാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം.
എന്നാല്‍ ഇതിന് മന്ത്രി ആര്‍. ബിന്ദു മറുപടി നല്‍കിയതോടെ അടിയന്തിര പ്രമേയാനുമതി സ്പീക്കര്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തുകയും ചെയ്തു. സ്റ്റുഡന്‍സ് മൈഗ്രേഷന്‍ ഒരു ആഗോള പ്രതിഭാസമാണെന്നാണ് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദു മറഖുപടി നല്‍കിയത്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണിത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വ്വകലാശാലയുടെ കീര്‍ത്തി വര്‍ദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറയെന്ന് മാത്യു കുഴല്‍നാടന്‍ മന്ത്രിയോട് തിരിച്ചു പറഞ്ഞു. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവര്‍ക്ക് നല്‍കാനാകുന്നില്ല. പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യണമെന്നും മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.
എന്നാല്‍, മാത്യു കുഴല്‍നാടന്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് വീണ്ടും മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു രംഗത്തെത്തി. വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ കാഴ്ചവെച്ചിട്ടുള്ളത്. ആദ്യ ഐടി പാര്‍ക്ക് ഉണ്ടായത് നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല ഉണ്ടായത് പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ഏറ്റവും സുരക്ഷിത തൊഴിലിടത്താണ് എത്തി ചേരുന്നുവെന്നതാണ് തെറ്റിധാരണ. ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന പ്രതിപക്ഷ അംഗം ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിദേശ രാജ്യത്ത് ലോ ഇന്‍കം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയി പഠിക്കട്ടെ, അവര്‍ രാജ്യത്തിന് സംഭാവനകള്‍ നല്‍കട്ടെ.
ചര്‍ച്ചയുടെ ആവശ്യമില്ലെന്നും പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി ചര്‍ച്ച ചെയ്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തിര പ്രമേയം തള്ളിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തി. ഒരു സാമൂഹ്യപ്രശ്നം എത്ര ലാഘവത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെ 10 സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇല്ല. കോളേജുകളില്‍ പ്രിന്‍സിപ്പാളുമില്ല. ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷന്‍ സീറ്റുകള്‍ എല്ലാം കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഏറ്റവും ഗൗരവമുള്ള കാര്യത്തില്‍ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
കുട്ടികള്‍ പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും സംസ്ഥാനത്തിന്റെ പണം പുറത്തേക്ക് പോകുന്നുവെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനു പോകുന്നതിനെ തടയേണ്ടതില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. വിദേശപഠനത്തെ പ്രോത്സാഹിക്കണമെന്ന് ഭരണകക്ഷി എംഎല്‍എ ശ്രീനിജനും ആവശ്യപ്പെട്ടു. ധിക്കാരത്തോടെയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും വിരല്‍ചൂണ്ടി സംസാരിച്ചതില്‍ പ്രതിഷേധമുണ്ടെന്നും ആര്‍.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവിനു പുച്ഛവും ധാര്‍ഷ്ട്യവുമാണെന്ന് മന്ത്രി എം.ബി.രാജേഷും കുറ്റപ്പെടുത്തി. നിങ്ങള്‍ക്കുമാകാം തിരുത്തലെന്നായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തോട് പറഞ്ഞത്.
CONTENT HIGHLIGHTS; Higher Education Minister R. Bindu said that foreign migration is not a crime, even Mahatma Gandhi studied abroad