Kerala

കടല്‍പ്പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍-The government has taken steps to grant land titles to those living on the coast

കടല്‍പ്പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍. കടലില്‍ നിന്ന് 100 മീറ്റര്‍ മാറി താമസിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കുക. കടല്‍ ക്ഷോഭമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആദ്യഘട്ടത്തില്‍ 100 ദിന കര്‍മ്മപരിപാടിയില്‍ ഉല്‍പ്പെടുത്തി കൊല്ലത്ത് 250 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. സുനാമി പുനരധിവാസ പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കും. ചുരുക്കം ചില കുടുംബങ്ങള്‍ക്കാണ് ഇനി പട്ടയം ലഭിക്കാനുള്ളത്. ഇവരുടെ യോഗ്യത പരിശോധിച്ച് പട്ടയം നല്‍കും. സുനാമി ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ലാറ്റുകളുടെ ഉടമസ്ഥാവകാശം നല്‍കുന്നതിന് നടപടി സ്വീകരിക്കും.നിലവില്‍ 2982 പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. കനാല്‍പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് സാധ്യതകള്‍ പരിശോധിച്ച് ഭൂമി പതിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കും.

വനഭൂമിയില്‍ ജണ്ടയോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലം പുറമ്പോക്ക്, തരിശ് എന്ന് കണക്കാക്കി അവിടെ താമസിക്കുന്നവര്‍ക്ക് തന്നെ നല്‍കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ നട്ട് വളര്‍ത്തിയതും കിളിര്‍ത്തതുമായ മുഴുവന്‍ മരങ്ങളും മുറിക്കുന്നതിന് അവകാശം നല്‍കുന്നതിന് ചട്ടനിയമഭേദഗതി നടപ്പാക്കും.