തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാളും മരിച്ചു. പനിബാധിതരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. 13196 പേരാണ് ഇന്ന് പനിബാധിച്ച് ചികിത്സ തേടിയത്. 145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഏഴു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.
ഇന്ന് അഞ്ചുപേർക്കും ഇന്നലെ രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലും രണ്ടുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ഏഴ് പേരും നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളാണ്.