India

നീ​റ്റ്-​യു​ജി ചോദ്യ പേ​പ്പ​ർ ചോ​ർ​ച്ച: മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി ചോദ്യപേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ റോ​ക്കി എ​ന്ന രാ​കേ​ഷ് ര​ഞ്ജ​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ര​ഞ്ജ​നെ പ​ത്ത് ദി​വ​സ​ത്തേ​ക്ക് ഏ​ജ​ൻ​സി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നാ​ല് സ്ഥ​ല​ങ്ങ​ളി​ലും സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ര​ഞ്ജ​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

കഴിഞ്ഞയാഴ്ച്ച പട്‌നയിൽ ഒരു വിദ്യാർത്ഥിയെ സിബിഐ അറസ്റ്റ് ചെയ്ത് മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് റോക്കി ഉൾപ്പെടെ എട്ട് പേരെയാണ് സിബിഐ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പരീക്ഷ ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സംഘം ഇതുവരെ ആറ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നീറ്റ് പേപ്പർ ചോർച്ചയുടെ ഉത്ഭവം ഹസാരിബാഗ് സ്കൂളിൽ നിന്നാകാമെന്ന് ബുധനാഴ്ച സിബിഐ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടെ നിന്ന് ചോർന്ന പേപ്പറുകൾ ബിഹാറിലേക്കും എത്തിയതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തൽ കേസിലെ മറ്റൊരു ആരോപണവിധേയനായ സഞ്ജീവ് മുഖ്യയുടെ അനന്തരവനാണ് രാകേഷ് രഞ്ജൻ. ഝാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഹോട്ടൽ നടത്തിപ്പാണ് ഇയാളുടെ ജോലി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലെ ആദ്യ കണ്ണിയാണ് രാകേഷ് രഞ്ജനെന്നാണ് സി.ബി.ഐ നിഗമനം. ചോർന്നുകിട്ടിയ ചോദ്യപ്പേപ്പർ ഇയാൾ ചിണ്ടു എന്നയാൾക്ക് കൈമാറി. ഇയാളാണ് ചോദ്യപ്പേപ്പറും ഉത്തരങ്ങളും പിന്നീട് കൂടുതൽ കണ്ണികളിലേക്ക് കൈമാറുന്നത്. ചോദ്യപ്പേപ്പർ ആവശ്യക്കാരിലെത്തിക്കാൻ സോൾവേഴ്സ് സംഘത്തെ നിയോഗിച്ചതും റോക്കി എന്ന രാകേഷ് രഞ്ജനാണ്. പാട്നയിലെയും റാഞ്ചിയിലെയും നിരവധി എം.ബി.ബി.എസ് വിദ്യാർഥികളെ ഇയാൾ ഇതിന്‍റെ ഭാഗമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

നീറ്റ് ചോദ്യപ്പേപ്പർ ചോർന്ന കേസിൽ 10ലേറെ പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. ഝാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ജൂലൈ ഒമ്പതിന് ബിഹാറിൽ രണ്ടു പേർ കൂടി നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർഥിയും രണ്ടാമത്തെയാൾ മറ്റൊരു വിദ്യാർഥിയുടെ പിതാവുമാണ്. ബിഹാറിലെ നളന്ദ, ദയ ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഏകദേശം 24 ലക്ഷം വിദ്യാർത്ഥികളാണ് മെയ് 5 ന് രാജ്യത്ത് നീറ്റ് പരീക്ഷ എഴുതിയത്. ഒരു കോച്ചിംഗ് സെൻ്ററിൽ നിന്ന് ആറ് പേർ ഉൾപ്പെടെ 67 വിദ്യാർത്ഥികൾ 720 മാർക്ക് നേടിയതും ആയിരത്തിലധികം പേർ ഗ്രേസ് മാർക്ക് ആനുകൂല്യം വാങ്ങിയതുമാണ് ആദ്യം സംശയത്തിനിടയാക്കിയത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ നടത്തിയ അന്വേഷണത്തിൽ പിന്നീട് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി പരീക്ഷാ ബോർഡും കേന്ദ്രസർക്കാരും സ്ഥിരീകരിച്ചിരുന്നു.

അതേസമയം, നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹരജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.