പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണവുമായി വി.കെ ശ്രീകണ്ഠൻ എം.പി. സിപിഎം- ബിജെപി ധാരണയെപ്പറ്റി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിന് ഇപ്പോഴാണ് അത് മനസിലായതെന്നും വികെ ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് തൃശ്ശൂരിലെന്ന് സിപിഐ തന്നെ പറഞ്ഞിരുന്നു. പാർട്ടിക്ക് അതീതമായ സ്വാധീനങ്ങൾ ഉള്ളതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപി എംപിയാകാൻ യോഗ്യനെന്ന് സിപിഎമ്മിന് ഒപ്പം നിൽക്കുന്ന തൃശൂർ മേയർ പറഞ്ഞത് ഇതിന്റെ തെളിവാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
മേയർക്കെതിരെ സി.പി.ഐ രംഗത്തുവന്നതും ശ്രീകണ്ഠൻ ചൂണ്ടിക്കാണിച്ചു. ‘മേയർ കൂടെനിന്ന് ചതിച്ചെന്ന് വി.എസ് സുനിൽകുമാർ വെളിപ്പെടുത്തി, അദ്ദേഹം രാജിവെക്കണമെന്ന് സി.പി.ഐ പരസ്യമായി ആവശ്യപ്പെട്ടു’ ശ്രീകണ്ഠൻ പറഞ്ഞു.
വിഷയത്തിൽ സി.പി.എം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ശ്രീകണ്ഠൻ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോഴും മേയറിനെ വിലക്കിയില്ലെന്നും ആരോപിച്ചു. വിഷയത്തിൽ സി.പി.എമ്മിന് പറയാനുള്ളത് അറിയണമെന്നും അദ്ദേഹം പറഞ്ഞു.