എറണാകുളം: നടൻ സലിം കുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. സലിംകുമാറിന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടനും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.
തൃശൂരിൽ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരളാ പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി ജയിച്ചപ്പോൾ സലിംകുമാർ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ എന്നായിരുന്നു സലിംകുമാർ പറഞ്ഞത്.