തൃശ്ശൂര്‍: തൃശ്ശൂർ മേയർ എം.കെ. വർഗീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ്. വർഗീസിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ല. 1000 കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എം.എൽ.എ ആയിരുന്ന താന്‍ ഇവിടെ മത്സരിക്കുമ്പോള്‍ അത് പറയാതെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മഹിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
എം കെ വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. പരസ്യമായി സിപിഐ തള്ളിയതോടെ മേയറുടെ ഭൂരിപക്ഷം നഷ്ടമായെന്നും എം കെ വര്‍ഗീസ് രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. മേയര്‍ മാറ്റണമെന്ന് നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ രൂപപ്പെട്ടിരിക്കുന്നത്.