തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാര്‍ഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത് കിടക്കുന്ന തമിഴ്നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. ഇവിടെ ധാരാളം മലയാളികള്‍ താമസിക്കുന്നുണ്ട്. കോയമ്പുത്തൂര്‍ മലയാളി സമാജം വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ പൂച്ചന്ത വളരെ പ്രശസ്തമാണ്. വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും പൂവ് മൊത്തവ്യാപാരത്തിനായി എടുക്കാന്‍ ഇവിടേക്ക് ആളുകള്‍ വരാറുണ്ട്. കോയമ്പത്തൂരെത്തിയാല്‍ കാണാനായി നിരവധി സ്ഥലങ്ങളുണ്ട്. വര്‍ഷാ വര്‍ഷം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.
കോയമ്പത്തൂര്‍ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം;
കോയമ്പത്തൂര്‍ കാഴ്ചകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇടമാണ് മരുതമലൈ ക്ഷേത്രം. മുരുകന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം മരുതമലൈ എന്ന കുന്നിമ്‌റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഈ കുന്നിന്റെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ക്ഷേത്രം കാണേണ്ടതു തന്നെയാണ്. അപൂര്‍വ്വങ്ങളായ ഒട്ടേറെ ചെടികള്‍ ഇവിടെ വളരുന്നുണ്ട്.
ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് കോയമ്പത്തൂരില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഈച്ചനാരി വിനായകാര്‍ ക്ഷേത്രം. എഡി 1500 ല്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിനായകനാണ്. ഗണേശന്റെ ആറ് അടിയിലധികം ഉയരമുള്ള വിഗ്രഹം ദക്ഷിണേന്ത്യയിലെ തന്നെ അത്ഭുത കാഴ്ചയാണ്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചോള രാജാക്കന്മാര്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പേരൂര്‍ പാട്ടീശ്വരര്‍ ക്ഷേത്രം. കല്ലില്‍ കൊത്തിയിരിക്കുന്ന തൂണുകളാലും അതിലെ കൊത്തുപണികളാലും സമ്പന്നമാണ് ക്ഷേത്രം. ശിവന്‍ താണ്ഡവ നൃത്തം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. സ്വര്‍ണ്ണ നിറത്തിലുള്ള നടരാജ വിഗ്രഹവും ഇവിടുത്തെ പ്രത്യേകതയാണ്
കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കോയമ്പത്തൂരില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം 285 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത. തമിഴ്‌നാട്ടിലെ ആനമല വന്യജീവി സങ്കേതവുമായി പറമ്പിക്കുളം ചേര്‍ന്നു കിടക്കുന്നു. കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണിത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് റോഡു മാര്‍ഗ്ഗം പറമ്പിക്കുളത്തെത്താം. പാലക്കാടു നിന്ന് പൊള്ളാച്ചിക്ക് 45 കി.മീ.ഉം പൊള്ളാച്ചിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 65 കിലോ മീറ്റര്‍ ഉം ആണ് ദൂരം.
കോയമ്പത്തൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിരുവാണി വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. സിരുവാണി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടിന് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ വെള്ളം ഇവിടുത്തെയാണ് എന്നാണ് പറയപ്പെടുന്നത്.
കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് അനുഭാവി സുബ്രഹ്‌മണ്യയാര്‍ ക്ഷേത്രം. പശ്ചിമഘട്ടത്തിലെ ഒരു കുന്നിനു മുകളിലായാണ് ഈ ക്ഷേത്രമുള്ളത്. ആയിരം പടികള്‍ കയരിയാല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ.
തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ ഒന്നാണ് ആളിയാര്‍ അണക്കെട്ട്. ആളിയാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് വാല്‍പ്പാറയ്ക്ക് സമീപമാണുള്ളത്. 6.48 കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ജലസംഭരണിയാണ് ആളിയാര്‍ ജലസംഭരണി.