ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‍ലാജെക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ ജസ്റ്റിസ് ജി. ജയചന്ദ്രൻ കേസ് റെക്കോർഡ് കോടതിയിൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി.
തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ് കഫേയില്‍ സ്ഫോടനം നടത്തിയതെന്നായിരുന്നു ശോഭ കരന്ത്ലാജെയുടെ പ്രസ്താവന. കേരളത്തിനെതിരെയും ശോഭ കരന്ത്ലാജെ അധിക്ഷേപം ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നെത്തിയവര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.
ശോഭയുടെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ശോഭ കരന്ത്ലാജെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മധുര സ്വദേശിയായ ത്യാഗരാജന് ഇത് സംബന്ധിച്ച് നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.