മസ്കറ്റ്: മലയാളി യുവാവ് ഒമാനില്‍ മരിച്ചു. ആലപ്പുഴ കൃഷ്ണപുരം നടക്കാവ് ചെമ്പകപ്പള്ളില്‍ ശ്യാം ശശിധരന് (32) ആണ് മരിച്ചത്. ഒമാനിലെ ബഹ്ലയില്‍ വെച്ചാണ് യുവാവ് മരണപ്പെട്ടത്. ഒമാനില്‍ സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ശ്യാം ശശിധരന്. സേവാ മസ്കറ്റിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുകയാണ്. ഇവ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ വിമാന മാര്‍ഗം മസ്കറ്റില്‍ നിന്നും കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് സംസ്കാരം വീട്ടുവളപ്പില്‍ നടക്കും.
അതേസമയം കഴിഞ്ഞ ദിവസം ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. ഒമാനിലെ വടക്കന്‍ ശര്‍ഖിയയിലാണ് അപകടം ഉണ്ടായത്. ഇന്ധന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ബിദ്ബിദിലെ ശര്‍ഖിയ എക്സ്പ്രസ് വേയിലേക്കുള്ള പാലത്തിലായിരുന്നു സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റിനും തീപിടിച്ചിരുന്നു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ആയിരുന്നു സംഭവം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. വലിയ നാശനഷ്ടമാണ് കണക്കാക്കുന്നത്. വിവരം അറിഞ്ഞ ഉടന്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.