ഹവായ്: അമേരിക്കയിലെ ഹവായ് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ഹാന്റ് ബാഗേജില്‍ നിന്ന് ഗ്രനേഡുകള്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒളിപ്പിച്ചു. അമേരിക്കയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനെത്തിയ ഒരു ജപ്പാന്‍ പൗരന്റെ ബാഗുകളായിരുന്നു ഇത്. പുലര്‍ച്ചെ 5.44ന് ആയിരുന്നു സംഭവം.
യാത്രയ്ക്ക് മുന്നോടിയായി നടത്തുന്ന ബാഗുകളുടെ പതിവ് എക്‌സ്‌റേ പരിശോധനയ്ക്കിടെയാണ് ഗ്രനേഡുകളെന്ന് സംശയിക്കുന്ന രണ്ട് വസ്തുക്കള്‍ കണ്ടതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു. തുടര്‍ന്ന് അടിയന്തിര ജാഗ്രതാ നിര്‍ദേശം നല്‍കുകയും വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു.
ഗ്രനേഡുമായി വിമാന യാത്രയ്ക്ക് എത്തിയ അകിറ്റോ ഫുകുഷിമ എന്ന 41 കാരനായ ജപ്പാന്‍ പൗരനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ തീവ്രവാദ ഭീഷണിക്കുറ്റം ചുമത്തിയിരിക്കുകയാണ്. ഗ്രനേഡുമായി എത്തിയ ജപ്പാന്‍ പൗരന്‍ ഏത് രാജ്യത്തേക്കാണ് യാത്ര ചെയ്യാന്‍ എത്തിയതെന്ന് വിവരം യു.എസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവങ്ങളെ തുടര്‍ന്ന് ഹിലോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂറോളം കഴിഞ്ഞ് 6.50നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന രണ്ട് വസ്തുക്കളും ഗ്രനേഡുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇവ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള അവസ്ഥയിലായിരുന്നില്ല. അതുകൊണ്ടുതന്നെ ഭീഷണി ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.