അബുദാബി: രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ അല്‍ ഐനിന്റെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ പേരില്‍ അബുദാബിയിലെ റോഡ് നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. 57 വര്‍ഷങ്ങളായി യുഎഇക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണില്‍ നിന്നുള്ള ഡോ. ജോര്‍ജ് മാത്യുവിനുള്ള ഈ അപൂര്‍വ അംഗീകാരം. അബുദാബി അല്‍ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കാനായി പാതകള്‍ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് റോഡിന് ഈ പേര് നല്‍കിയത്.
രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോര്‍ജ് പറഞ്ഞു. ‘ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകള്‍ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. റോഡ്, വൈദ്യതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകള്‍ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങള്‍ തിരിച്ചറിയപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്,’ അദ്ദേഹം പറഞ്ഞു.
1967ല്‍ 26 ആം വയസില്‍ യുഎഇയിലെത്തിയത് മുതല്‍ തുടങ്ങിയതാണ് രാജ്യത്തിനായുള്ള ഡോ. ജോര്‍ജ് മാത്യുവിന്റെ പ്രവര്‍ത്തനങ്ങള്‍. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ മിഷനറിയായ ഒരു സുഹൃത്തില്‍ നിന്ന് അല്‍ ഐന്റെ നന്മകളെയും പ്രകൃതി ഭംഗിയയെയും പറ്റി പറഞ്ഞു കേട്ടപ്പോഴേ അദ്ദേഹം ഉറപ്പിച്ചു, ഇത് തന്നെ തട്ടകമെന്ന്. അല്‍ ഐനിലെ ആദ്യ സര്‍ക്കാര്‍ ഡോക്ടര്‍ക്കായുള്ള ഭരണകൂടത്തിന്റെ തിരച്ചിലിനിടെ ജോര്‍ജ് മാത്യുവിന്റെ അപേക്ഷയെത്തി. പിന്നാലെ നിയമന അറിയിപ്പും. ഭരണാധികാരിയായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സായിദിന്റെ ആശീര്‍വാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. പിന്നീടെല്ലാം അതിവേഗം. തിരിഞ്ഞു നോക്കുമ്പോള്‍ അഞ്ചേമുക്കാല്‍ പതിറ്റാണ്ട് ദൂരം. അല്‍ ഐനും യുഎഇയ്ക്കും ഒപ്പം ഡോ. ജോര്ജും വളര്‍ന്നു.
‘അന്ന് ജനറല്‍ പ്രാക്ടീഷണറായാണ് സേവനം തുടങ്ങിയത്. ആള്‍ക്കാര്‍ എന്നെ ‘മത്യസ്’ എന്നാണ് വിളിച്ചിരുന്നത്. ഷെയ്ഖ് സായിദിന്റെ വ്യക്തി പ്രഭാവം നേരിട്ട് കണ്ടറിയാനുള്ള അവസരം ജീവിതം തന്നെ മാറ്റി. രാഷ്ട്ര നിര്‍മ്മാണത്തില്‍ അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ സ്വീകരിച്ച പല ഉദ്യമങ്ങളിലും പങ്കാളിയാകാനായത് ഏറെ അഭിമാനകരമാണ്. കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തെ സഹായിക്കാനും നിരവധി അവസരങ്ങള്‍ തേടി വന്നു’
മലേറിയ അടക്കമുള്ള രോഗങ്ങളെ നേരിടാന്‍ അദ്ദേഹത്തെ ഷെയ്ഖ് സായിദ് ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിച്ചു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് ചുമതലകള്‍ നല്‍കിയപ്പോള്‍ വിദഗ്ധ പഠനത്തിന് ഹാര്‍വാര്‍ഡിലേക്ക് അയച്ചു. 1972-ല്‍ അല്‍ ഐന്‍ റീജിയന്റെ മെഡിക്കല്‍ ഡയറക്ടര്‍, 2001-ല്‍ ഹെല്‍ത്ത് അതോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. യുഎഇയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച അദ്ദേഹം എമിറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയില്‍ ഗണ്യമായ സംഭാവന നല്‍കി. രാജ്യത്ത് ആധുനിക മെഡിക്കല്‍ സംസ്‌കാരം പ്രോത്സാഹിപ്പിച്ചു. ആരോഗ്യ മേഖയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും സുപ്രധാന പങ്ക് വഹിച്ചു. അടുത്ത് പ്രവര്‍ത്തിച്ചവരുടെ സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച ഡോ. മാത്യു ഇപ്പോഴും അല്‍ഐന്‍ സമൂഹത്തിന് മെഡിക്കല്‍ വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണ്.
അല്‍ നഹ്യാന്‍ കുടുംബത്തെ ആകെ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നു. അടുത്തിടെ അന്തരിച്ച ഷെയ്ഖ് താനൂന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാനുമായി (അല്‍ഐന് മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി) ഡോ. ജോര്‍ജിനുണ്ടായിരുന്നത് മികച്ച അടുപ്പം. ‘അദ്ദേഹത്തിനു കീഴില്‍ 57 വര്‍്ഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യം. അതിനുള്ള അംഗീകാരം കൂടിയാകാം ഇപ്പോഴത്തെ അംഗീകാരം.’ ഡോ. മാത്യു പറഞ്ഞു.
യുഎഇ നല്‍കിയ സമാനതകളില്ലാത്ത ബഹുമതികള്‍
സമ്പൂര്‍ണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് എന്നിവയിലൂടെ ഡോ. ജോര്‍ജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെ തന്നെ ആദരിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചതാണ്. അപ്പോഴാണ് യുഎഇ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നല്‍കിയത്. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നല്‍കുകയെന്ന അപൂര്‍വ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോര്‍ജ് നല്‍കിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയായിരുന്നു യുഎഇ. സേവനങ്ങള്‍ അംഗീകരിക്കുന്നതില്‍ രാജ്യത്തിന്റെ ഭരണാധികാരികളോട് നന്ദി പറയുകയാണ് അദ്ദേഹം. 84 ആം വയസിലും സേവന നിരതനായ ഡോ. ജോര്‍ജ് പ്രസിഡന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തിന്റെ തലവന്‍ ഡോ. അബ്ദുല്‍ റഹീം ജാഫറിനൊപ്പമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
‘ഈ രാജ്യം നന്നാവട്ടെ. ഇവിടെ ആയതുകൊണ്ട് ജാതി ഭേദങ്ങള്‍ ഇല്ലാതെ എല്ലാവരെയും സേവിക്കാനായി. ഈ രാജ്യത്തിനും ഇവിടത്തെ പൗരന്മാര്‍ക്കും വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം തയ്യാറാണ്. സമയം ദൈവം തരട്ടെ എന്നാണ് പ്രാര്‍ത്ഥന.’
ഓര്‍മകള്‍ തന്നെ ചരിത്രം
വെല്ലുവളികളെ മറികടന്ന് യുഎഇയുടെ ആരോഗ്യ മേഖലയ്ക്ക് അടിത്തറ പാകാനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ നിന്ന ഡോ. ജോര്‍ജ് മാത്യുവിന്റെ ഓര്‍മ്മകള്‍ യുഎഇയുടെ ചരിത്രത്തിന് സമാന്തരമായാണ് സഞ്ചരിക്കുന്നത്. ഷെയ്ഖ് സായിദിനൊപ്പമുള്ള ആദ്യം നിമിഷം വരെ ഫോട്ടോഗ്രാഫിനെക്കാള്‍ തെളിമയോടെ ഇന്നും മനസില്‍ സൂക്ഷിക്കുന്നു. അതില്‍ ഏറെ പ്രിയപ്പെട്ട ഒന്ന് താന്‍ നല്ല ഡോക്ടറാണെന്ന് മറ്റൊരാളോട് ഷെയ്ഖ് സായിദ് പറയുന്നതിന് സാക്ഷിയായ മുഹൂര്‍ത്തമാണ്. 1969ലെ ആ അനുഭവം ഇങ്ങനെ:
‘ഒരു ദിവസം രാത്രി അല്‍ ഐനിലെ മജ്ലിസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രദേശവാസിയായ ഒരാള്‍. വീട്ടിലേക്ക് നടന്നു കയറുമ്പോള്‍ മേല്‍ക്കൂരയിലെ പലക പൊടുന്നനെ പൊട്ടി താണു. ഇത് സന്ദര്‍ശകന്റെ നെറ്റിയിലാണ് ഇടിച്ചത്. ഒരു ലാന്‍ഡ്റോവറിന്റെ പിറകില്‍ ഇരുത്തി ആളെ അവിടെയുണ്ടായിരുന്നവര്‍ ക്ലിനിക്കില്‍ എത്തിച്ചു. വിവരം അറിഞ്ഞതോടെ സര്‍ജറി സാമഗ്രികളടങ്ങിയ ബാഗെടുത്തു ഞാന്‍ വീടിനു പുറത്തിറങ്ങി. വൈദ്യതിയില്ലാത്തതിനാല്‍ ഇരുട്ടത്ത് എന്താണെന്ന് മനസിലാക്കാന്‍ ആദ്യം ബുദ്ദിമുട്ടി. പരിക്കേറ്റയാളെ ഇരുത്തിയ വണ്ടിയുടെ പിറകില്‍ മറ്റൊരു ലാന്‍ഡ്‌റോവര്‍ കൂടി ഉണ്ടായിരുന്നു. അതിന്റെ ഹെഡ് ലൈറ്റ് തെളിക്കാന്‍ പറഞ്ഞു. ആ വെളിച്ചത്തില്‍ ആളെ മുന്നിലെ വണ്ടിയുടെ പിറകില്‍ കിടത്തി ഞാന്‍ മുറിവ് തുന്നിക്കെട്ടി. 21 സ്റ്റിച്ചുകള്‍. 15 ദിവസം കഴിഞ്ഞു വീണ്ടും കാണിക്കാന്‍ വന്നപ്പോള്‍ പരിക്കേറ്റയാളുടെ മുറിവുകള്‍ എല്ലാം ഉണങ്ങി സുഖം പ്രാപിച്ചിരിക്കുന്നു. അടുത്ത ദിവസം മജ്ലിസില്‍ ഇരിക്കുമ്പോള്‍ മത്യസിന്റെ ചികിത്സ കാരണം എന്റെ പരിക്ക് മാറിയെന്ന് അയാള്‍ ഷെയ്ഖ് സായിദിനോട് പറഞ്ഞു. അദ്ദേഹം തല പരിശോധിച്ച് ഭേദമായെന്ന് ഉറപ്പാക്കിയ ശേഷം പറഞ്ഞു, ‘അവന്‍ നല്ല ഡോക്ടറാ’. ഞാന്‍ കൂടി കേള്‍ക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ പ്രചോദനമാണ് നല്‍കിയത്.’ ഡോ. മാത്യു പറഞ്ഞു.
തുമ്പമണ്‍ ബന്ധം
പത്തനംതിട്ട തുമ്പമണിലെ പടിഞ്ഞാറ്റിടത്ത് വീട്ടിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1965ല്‍ എംബിബിഎസ് പാസായി. പഠനം പൂര്‍ത്തിയായ ഉടന്‍ വിവാഹം. തിരുവല്ല സ്വദേശിനി വത്സയാണ് ഡോക്ടറുടെ പ്രിയതമ. കുവൈറ്റില്‍ നിന്ന് ഇരുവരും ഒരുമിച്ചാണ് യുഎഇയിലേക്ക് എത്തിയത്. അല്‍ ഐനില്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ ലേഡീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം സജീവമാക്കിയത് ശ്രീമതി വല്‍സയാണ്. മകള്‍ മറിയം (പ്രിയ) അല്‍ ഐന്‍ ഗവര്‍ണറുടെ ഓഫീസില്‍ ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മരണ ശേഷം നാട് സന്ദര്‍ശിക്കാനായിട്ടില്ല.
അല്‍ഐനിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഡോ. ഷംഷീര്‍ വയലില്‍ അടക്കമുള്ള ആരോഗ്യ മേഖലയിലെ മലയാളി സംരംഭകര്‍ക്ക് ഡോ. ജോര്‍ജ് മാത്യു നല്‍കുന്ന പിന്തുണയും മാര്‍ഗനിര്‍ദേശവും ചെറുതല്ല. പ്രതീക്ഷകളുമായി യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കായി അദ്ദേഹത്തിന് നല്‍കാനുള്ള വിലയേറിയ വാക്കുകളിതാണ്: ‘നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക, എങ്കില്‍ വിജയിക്കാം.’