Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് സ്വീകരണം |Trial run of Vizhinjam port

സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് ഇന്ന് സ്വീകരണം; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമടക്കം എത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.

പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍ റണ്‍ വ്യാഴാഴ്ച തുടങ്ങി. ഇതോടെ മദര്‍ഷിപ്പിലെത്തുന്ന കണ്ടെയ്നറുകള്‍ തുറമുഖ യാര്‍ഡിലേക്ക് ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികെ ചരക്കുകയറ്റി ട്രാന്‍സ്ഷിപ്മെന്റും ആരംഭിക്കും. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കു കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍ വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനു ക്ഷണമില്ല. ശശി തരൂര്‍ എം.പി.യും വിട്ടുനില്‍ക്കും. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ക്ഷണിക്കാത്തതിനാല്‍ ചടങ്ങില്‍ പങ്കെടുെേക്കണ്ടന്ന നിലപാടിലാണ് ആര്‍ച്ച് ബിഷപ്പ്.