ഈ വർഷത്തെ ‘സമ്മർ അൽ വുസ്ത 2024’ ഫെസ്റ്റിവൽ ജൂലൈ 17 മുതൽ ആഗസ്റ്റ് 5 വരെ നടക്കുമെന്ന് അൽ വുസ്ത ഗവർണറേറ്റ് ചൊവ്വാഴ്ച അറിയിച്ചു. ഗവർണറേറ്റിന്റെ ടൂറിസം മേഖലയെ പ്രദർശിപ്പിക്കുന്നതിനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് അൽ വുസ്ത ഗവർണർ ഷെയ്ഖ് അഹ്‌മദ് മുസല്ലം ജിദാദ് അൽ കഥീരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദോഫാറിലേക്കുള്ള യാത്രയിലെ സഞ്ചാരികൾക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമായ രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈമ എന്റർടൈൻമെന്റ് സ്റ്റേഷനിലാണ് സമ്മർ അൽ വുസ്ത 2024 സംഘടിപ്പിക്കുന്നത്.
ഗവൺമെന്റ് സ്ഥാപനങ്ങൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ, വിനോദ ഗെയിമുകൾ, നാടക പ്രദർശനങ്ങൾ, കലാ ഗ്യാലറികൾ, ഗ്രാമീണ ജീവിതശൈലി പ്രദർശിപ്പിക്കുന്ന ”അൽ ബദിയ ടെന്റ്”, ഫുഡ് കോർട്ടുകൾ, അറേബ്യൻ ഓറിക്‌സ് റിസർവ് സംരക്ഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന വിഭാഗങ്ങൾ ഹൈമ എന്റർടൈൻമെന്റ് സെന്ററിൽ ഉണ്ടായിരിക്കും. സന്ദർശകർക്ക് പൊതു സൗകര്യങ്ങളും ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കും.ക്യാമൽ റേസ്, പാരാഗ്ലൈഡിംഗ്, ഒട്ടക സവാരി, കുതിര സവാരി തുടങ്ങിയ ജനപ്രിയ പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.