പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് തന്നെ മൊബൈല്‍ വഴി കേരളത്തില്‍ ഭൂനികുതി അടയ്ക്കുന്നതിന് വെബ് പോര്‍ട്ടല്‍ സംവിധാനം ഒരുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ 10 രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കുകയെന്ന റവന്യു മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂര്‍, സൗദി, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ് എന്നിവടങ്ങിലുള്ളവര്‍ക്കാണ് വെബ് പോര്‍ട്ടല്‍ സഹായകരമാകുക. വസ്തുവിന്റെ കരം രസീതിന്റെ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സംവിധാനം ഒരുക്കുക. ഇതിനു പുറമെ, റവന്യു മന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതിന് പ്രത്യേക ആപ്ലിക്കേഷന്‍ ആരംഭിക്കും. നിലവില്‍ പരാതി പരിഹാര പോര്‍ട്ടലുകളിലുണ്ടെങ്കിലും പൂര്‍ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവയല്ല, പുതി സംവിധാനത്തില്‍ പരാതിക്കാരുടെ മുഴുവന്‍ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. മന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വിധത്തിലായിരിക്കും ഈ ആപ്ലിക്കഷന്‍ പുറത്തിറക്കുക. ആളുകള്‍ക്ക് നേരിട്ട് മൊബൈലിലൂടെ റവന്യു സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കും. ഒറ്റത്തവണ നികുതി അടയ്ക്കാന്‍ പുതിയ പോര്‍ട്ടല്‍ തയ്യാറാക്കും. അപ്പീലുകളുടെ തല്‍സ്ഥിതി അടക്കം പൊതുജനങ്ങള്‍ക്ക് അറിയാനുള്ള സംവിധാനമുണ്ടാകും. നിലവിലുള്ള ഓപ്പറേറ്റീങ്ങ് സിസ്റ്റത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കത്തക്ക വിധത്തിലാകും പുതിയ ആപ്ലിക്കേഷന്‍ സജ്ജമാക്കുക. ഭൂമി ഏറ്റെടുക്കലിന്റെ മൂന്ന് ഘട്ടങ്ങളും ഉള്‍പ്പെടുന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ ആവിഷ്‌ക്കരിക്കും.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് നിയമം പാസ്സാക്കുകയും 27 റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ അധികാരം താലൂക്ക് തലത്തില്‍ വികേന്ദ്രീകരിക്കുന്നതിനായി 71 ഡെപ്യൂട്ടി കലക്ടര്‍, ആര്‍ഡിഒ എന്നിവരെ നിയോഗിച്ചുകൊണ്ട് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അനുസൃതമായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ (റെലിസ് പോര്‍ട്ടലില്‍) മാറ്റങ്ങള്‍ വരുത്തുകയും വെബ് സൈറ്റില്‍ അതെല്ലാം പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുള്ളതാണ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചെലവുകള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോട് കൂടിയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിധത്തിലോ വിനിയോഗിക്കുന്നതിന് ചട്ടം 14 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാലാകാലങ്ങളില്‍ നടത്തിവരുന്ന തരംമാറ്റ അദാലത്തിലും, തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും ഇതിനായി തുക അനുവദിച്ചിട്ടുള്ളതാണ്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ അധികാരം താലൂക്ക് തലത്തില്‍ വികേന്ദ്രീകരിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.