ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശം പാവപ്പെട്ട മനുഷ്യരുടെ പട്ടിയിലും കുരുതിയില്‍ കലാശിക്കുകയാണ്. ഗാസ സിറ്റിയിലെ 3 ലക്ഷം ജനങ്ങളും ഒഴിയണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പലായനം ചെയ്യുന്നവരെയും ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊല്ലുകയാണ്. ഷുജയ മേഖലയിലെ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ താല്‍ അല്‍-ഹവാ മേഖലയിലേക്ക് നീങ്ങുകയാണ്. വീടുകളും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു തകര്‍ത്താണ് സൈന്യം മുന്നേറുന്നത്. വടക്കന്‍ ഗാസ സിറ്റിയിലെ ഷുജയ പ്രദേശത്ത് രണ്ടാഴ്ചത്തെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷം 60 മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
85 ശതമാനം വീടുകളും നശിപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം ജനങ്ങളെ വിട്ടുപോകാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് നിര്‍ബന്ധിത ഒഴിപ്പിക്കലിനിടെ ആളുകള്‍ വെടിയേറ്റ് മരിച്ചതായി ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാര്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. എന്നാല്‍ ഹമാസ് അതിന് വിരുദ്ധമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ഇസ്രായേലിന്റെ യുദ്ധ ലക്ഷ്യങ്ങള്‍ ഹമാസിനെ പരാജയപ്പെടുത്തുന്നതു വരെ അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറയുന്നു.
അതേസമയം, നിലവിലെ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നതിന് നെതന്യാഹുവിന് ”വ്യക്തിപരമായ ഉത്തരവാദിത്തം” ഉണ്ടെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ ഹുസാം ബദ്രാന്‍ ആരോപിക്കുന്നു. ഒക്ടോബര്‍ 7ന് പലസ്തീന്‍ പോരാളികള്‍ ആക്രമിച്ച സെറ്റില്‍മെന്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹമാസ് നേതൃത്വത്തിലുള്ള ആക്രമണവുമായി ബന്ധപ്പെട്ട പരാജയങ്ങള്‍ക്ക് നെതന്യാഹുവിനെതിരേയും അന്വേഷണം നടത്തണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ഇസ്രയേലിന്റെ സൈനിക നീക്കവും ആക്രമണവും കടുത്തതോടെ ഗാസയില്‍ പട്ടിണി രൂക്ഷമാവുകയാണ്. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാം എന്നതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ തീര്‍ന്നതോടെ പല കുടുംബങ്ങളും മള്‍ബറി ഇലകളും മറ്റും കഴിച്ചാണ് വിശപ്പടക്കുന്നത്. 33 കുട്ടികള്‍ ഇതുവരെ പോഷകാഹാര കുറവുമൂലം മരിച്ചു കഴിഞ്ഞു. ഭക്ഷണം അന്വേഷിച്ച് പുറത്തിറങ്ങിയാന്‍ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊല്ലു. വീടിനുള്ളില്‍ ഇരുന്നാല്‍ പട്ടിണി കൊണ്ട് മരിക്കും. ഇതാണ് ഗാസയിലെ ജനങ്ങളുടെ അവസ്ഥ.
താല്‍ അല്‍-ഹവാ, റിമാല്‍ മേഖലയില്‍ മാത്രം 30 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ നിന്നു നീക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിവില്‍ എമര്‍ജന്‍സി വിഭാഗം അറിയിച്ചു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഖത്തറിലും കയ്‌റോയിലും നടക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ, ഡിസംബര്‍ 11ന് ചെങ്കടലില്‍ ഹൂതി വിമതര്‍ മലേഷ്യയില്‍ നിന്നു ഇറ്റലിയിലേക്ക് പോവുകയായിരുന്ന കപ്പല്‍ ആക്രമിച്ചത് ഇറാന്റെ മിസൈല്‍ ഉപയോഗിച്ചാണെന്ന് യുഎസ് സൈന്യം കണ്ടെത്തി. വിമതര്‍ക്ക് ഇറാന്‍ നല്‍കുന്ന സഹായത്തിനു തെളിവാണ് ഇതെന്നും സൈന്യം അറിയിച്ചു.
വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സാല്‍ഫിറ്റിലെ മര്‍ദ പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയതായി പലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി പട്ടാളക്കാരുടെ ഒരു ‘വലിയ സേന’ പട്ടണത്തിലേക്ക് ഇരച്ചുകയറുകയും നിരവധി വീടുകള്‍ റെയ്ഡ് ചെയ്യുകയും വസ്തു നാശമുണ്ടാക്കുകയും ചെയ്തുവെന്ന് പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, കഴിഞ്ഞയാഴ്ച ഗാസയിലേക്ക് അഞ്ച് ട്രക്കുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. യുഎന്‍ ഏജന്‍സിയുടെ മെഡിക്കല്‍ സപ്ലൈസ് വഹിക്കുന്ന ട്രക്കുകളില്‍ അഞ്ചെണ്ണം മാത്രമാണ് കഴിഞ്ഞയാഴ്ച ഗാസയിലേക്ക് അനുവദിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
അതേസമയം 34 ലധികം പേര്‍ റാഫ അതിര്‍ത്തി ക്രോസിംഗിന് ഏറ്റവും അടുത്തുള്ള ഈജിപ്ഷ്യന്‍ നഗരമായ എല്‍ അരിഷിലും 40 ഇസ്മായിലിയയിലും കാത്തുനിന്നിരുന്നു. മാനുഷിക സഹായവുമായി 261 ട്രക്കുകള്‍ ബുധനാഴ്ച ഗാസ മുനമ്പില്‍ പ്രവേശിക്കാന്‍ അനുവദിച്ചതായി ഇസ്രായേല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നിട്ടും, ഒമ്പത് മാസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം പട്ടിണി പടരുന്നതിനിടയില്‍, ഉപരോധിക്കപ്പെട്ട എന്‍ക്ലേവിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ഇസ്രായേലി നിയന്ത്രണങ്ങളെക്കുറിച്ച് യുഎന്നും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇപ്പോഴും മൗനത്തിലാണ്.
റഫ ക്രോസിംഗിലും ഫിലാഡല്‍ഫി ഇടനാഴിയിലും നിയന്ത്രണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായി നെതന്യാഹുവിന്റെ നേരത്തെയുള്ള പ്രഖ്യാപനം കരാറിന് തടസ്സമാകുമെന്ന് ഇസ്രായേലി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ നേടുന്നതിന് ഗാസയ്ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കണമെന്ന് മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയ ഇസ്രായേലി ദിനപത്രമായ യെദിയോത്ത് അഹ്റോനോത്തിനോട് പറഞ്ഞു.
CONTENT HIGHLIGHTS;Israel followed by famine: Gazans eat mulberry leaves to fight hunger; Will there be a ceasefire?