ഖത്തറിലെ എല്ലാ നഴ്സറി സ്കൂളുകളുമായി ബന്ധപ്പെട്ട മന്ത്രിതല തീരുമാനങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു. നഴ്സറികളുടെ തരങ്ങൾ, ജീവനക്കാർക്ക് ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും, ആസ്ഥാന കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരിക്കേണ്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും, നഴ്സറികൾ സ്ഥാപിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ലൈസൻസിംഗ് ഫീസ് നിർണ്ണയിക്കൽ എന്നിവയാണ് പുതിയ തീരുമാനങ്ങളിൽ ഉൾപ്പെടുന്നത്. നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും അവ വികസിപ്പിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.
“കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയുടെ പ്രാരംഭ ഘട്ടം വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ നയപരമായ നിർദ്ദേശങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമാണ് പുതിയ തീരുമാനങ്ങൾ. കുട്ടികളുടെ ജീവിതത്തിന്റെ ഈ സുപ്രധാന ഘട്ടത്തിൽ നഴ്സറികളുടെ ഗുണനിലവാരം ഉറപ്പാക്കുക, കുട്ടികളെ മാനസികമായും വിദ്യാഭ്യാസപരമായും ഒരുക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുക, വിദ്യാഭ്യാസ ഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുടുംബ അവബോധം ചെറുപ്പം മുതലേ വർധിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്,”വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അൽ-നാമ പറഞ്ഞു.
കൂടാതെ, നഴ്സറി ജീവനക്കാരുടെ യോഗ്യതയും നിർണയിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാഭ്യാസ, അധ്യാപന മേഖലകളിൽ സ്പെഷ്യലൈസ്ഡ് കേഡറുകളും കഴിവുകളും നൽകാനും അതുവഴി പരിചരണത്തിന്റെ നിലവാരം ഉയർത്താനും പഠന നിലവാരം വർദ്ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നഴ്സറി പരിസരത്ത് പാലിക്കേണ്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
നഴ്സറി ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 1,000 ഖത്തർ റിയാലായി നിശ്ചയിച്ചിട്ടുണ്ട്. നഴ്സറികൾക്ക് അവരുടെ വ്യവസ്ഥകൾ ക്രമപ്പെടുത്തുന്നതിനും അതിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിനും ആറ് മാസത്തെ സമയം നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, ഡേകെയർ സെന്ററുകൾ എന്നിവയുടെ മാറ്റത്തിലൂടെ സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കാനും, അവയുടെ ശേഷി വർധിപ്പിക്കാനും, ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിചരണത്തിന്റെയും പഠന ഫലങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ തീരുമാനങ്ങൾ ലക്ഷ്യമിടുന്നുണ്ട്.