ഉൽപന്നങ്ങളുടെ വില കുറച്ച് വിപണിയിൽ കുത്തക പിടിക്കുന്ന പ്രവണതക്കെതിരെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം. വിപണിയിൽ ന്യായമായ മത്സരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവണതക്കെതിരെ ശിക്ഷാനടപടികൾ ചർച്ചയിലാണെന്നും അധികൃതർ പറഞ്ഞു.
2023ലെ കുത്തക നിയന്ത്രണ നിയമം വിശദീകരിക്കവെയാണ് സാമ്പത്തിക മന്ത്രാലയം ഇക്കാര്യമറിയിച്ചത്. അനാരോഗ്യ മത്സരം പരിശോധിക്കാൻ വിപണികൾ നിരീക്ഷിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ പരാതി ലഭിച്ചാൽനടപടി സ്വീകരിക്കും നിയമ ലംഘകർക്കെതിയുള്ള പിഴ നടപടികളെ കുറിച്ച് ചർച്ച തുടരുകയാണ്. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാൽ ഇക്കാര്യങ്ങൾ പുറത്തുവിടും.
സാമ്പത്തിക പ്രവർത്തനമെന്ന നിലയിൽ പരസ്പര മത്സരം ആവശ്യമാണ്. എന്നാൽ, ഇത്തരം മത്സരങ്ങൾ വ്യാപാരത്തേയും വികസനത്തേയും ഉപഭോക്തൃ താൽപര്യങ്ങളേയും ഹനിക്കുന്ന തരത്തിലാവരുത്. അതോടൊപ്പം പ്രാദേശിക വിപണികളിലെ ലയനങ്ങളും ഏറ്റെടുക്കലുകളും നിരീക്ഷിക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു.