ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസിളവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വാണിജ്യ- വ്യവസായ മന്ത്രാലയം രജിസ്ട്രേഷന് അടക്കമുള്ള സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ചത്. 90 ശതമാനം വരെയാണ് ഫീസില്‍ ഇളവ് വരുത്തിയത്. വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാനമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വ്യാഴാഴ്ച മുതല്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ 500 റിയാല്‍ മതിയാകും. കോമേഴ്സ്യൽ രജിസ്ട്രേഷൻ, കോമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിലെല്ലാം ഗണ്യമായ കുറവുണ്ട്.