വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ടൂറിസം വികസന വകുപ്പും സഹകരണ കരാറിൽ ഒപ്പുവെച്ചു.
ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും അജ്മാൻ ടൂറിസം വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹ്മൂദ് ഖലീൽ അൽ ഹാശിമിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. മാനവ വിഭവശേഷിയുടെ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും മികച്ച രീതികൾ സ്വീകരിക്കാനും അവ ഉചിതമായി നടപ്പിലാക്കാനും കരാർ ലക്ഷ്യമിടുന്നുണ്ട്. സ്ഥാപന പിന്തുണ, മാനവ വിഭവശേഷി മേഖലകളിലെ സഹകരണം എന്നിവ ധാരണപത്രത്തിൽ ഉൾപ്പെടുന്നു.
തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയും വികസന പ്രക്രിയയെ പിന്തുണക്കുന്നതിൽ പങ്കാളികളുടെ പ്രാധാന്യവും ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ചടങ്ങിൽ വിശദീകരിച്ചു.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ദുബൈയുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ വർധിപ്പിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തം നിർണായക പങ്കാണ് വഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.