ന്യൂഡൽഹി: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഭരണഘടന ഇല്ലാതായ ദിവസമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കുംവേണ്ടിയാണ് ഈ ദിനം സമർപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘യാതൊരു കാരണവുമില്ലാതെ ലക്ഷക്കണക്കിന് പേരെയാണ് ജയിലിലാക്കിയത്. മാധ്യമ ശബ്ദങ്ങളെ അടിച്ചമർത്തി. ഏകാധിപത്യമനോഭാവമാണ് ഇന്ദിരാ ഗാന്ധി അന്ന് കാണിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ ഇല്ലാതെയാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കും’, അമിത് ഷാ കുറിച്ചു.
അടിയന്തിരാവസ്ഥകാലത്ത് കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിവസമായി ജൂൺ 25മാറുമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. കഴിഞ്ഞ 10 വർഷക്കാലം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജൂൺ 4 മോദി മുക്ത ദിവസമായെന്നും ജയറാം രമേശ് പരിഹസിച്ചു.
1975 ജൂൺ 25-നായിരുന്നു ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു.