ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ജെയിംസ് ആൻഡേഴ്സന് തന്‍റെ അവസാന ടെസ്റ്റിൽ വിജയത്തോടെ പടിയിറക്കം. പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 136 റൺസിന് പുറത്തായി. നാല് വിൻഡീസ് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൻ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ആൻഡേഴ്സൻ മൂന്ന് വിക്കറ്റ് പിഴുതു. ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ടിന്‍റെ ജയം. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് പിഴുത അറ്റ്കിൻസനാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. സ്കോർ: വെസ്റ്റിൻഡീസ് – 121, 136, ഇംഗ്ലണ്ട് – 371.
ഇതിനിടെ 147 വർഷത്തെ ചരിത്രമുള്ള ടെസ്റ്റിൽ 40,000 പന്തുകൾ എറിയുന്ന ആദ്യ പേസ് ബൗളറെന്ന നേട്ടം ആൻഡേഴ്സൻ സ്വന്തമാക്കി. ടെസ്റ്റിൽ 40,000ത്തിൽ കൂടുതൽ പന്തുകളെറിയുന്ന നാലാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്സൻ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 50,000 പന്തെറിയുന്ന ആദ്യ പേസർ കൂടിയാണ് ജെയിംസ് ആൻഡേഴ്സൻ. 188 ടെസ്റ്റുകൾ കളിച്ച ഇംഗ്ലീഷുകാരൻ 704 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പേസർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയതും ആൻഡേഴ്സൻ തന്നെയാണ്. സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ താരത്തിന് മുമ്പിലുള്ളത്.