സമുദ്രങ്ങളുടെ അധിനായകൻ ; മലബാറിന്റെ ചരിത്രത്തിലെ വീരേതിഹാസം ; ആരാണ് കുഞ്ഞാലി മരയ്ക്കാർ | Heroic epic in the history of Malabar, Who are Kunjali Maraikar

പല തവണ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും എപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ചരിത്രമാണ് കുഞ്ഞാലി മരയ്ക്കാറുടേത്. മലബാറിന്റെ ചരിത്രത്തിലെ വീരേതിഹാസം. ഇന്നും ആവേശം സൃഷ്ടിക്കുന്ന കഥയാണത്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ ‘മരയ്ക്കാർ’ എന്നതൊരു കുടുംബപേരാണ്. അതിലെ പ്രമുഖരായ നാലുപേരാണ് സാമൂതിരിയുടെ കടൽപോരാളികളുടെ സൈന്യാധിപൻമാരായി ഉണ്ടായിരുന്നത്. അടിച്ചിട്ടോടുക എന്നതായിരുന്നു കുഞ്ഞാലി ഒന്നാമന്റെ യുദ്ധതന്ത്രം. പോർച്ചുഗീസ് കപ്പൽ വരുന്നതുകണ്ടാൽ കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള സൈന്യം ചെറുവള്ളങ്ങളിൽ ശരവേഗത്തിൽ പാഞ്ഞെത്തി പോർച്ചുഗീസ് കപ്പലിലേക്കു തീപ്പന്തമെറിയും. പറങ്കികൾ കാര്യം തിരിച്ചറിയുമ്പോഴേക്കും കുഞ്ഞാലിയും കൂട്ടരും രക്ഷപ്പെട്ടിരിക്കും.

മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ, കുട്ടി മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ എന്നിങ്ങനെ രണ്ടു പേരിൽ അറിയപ്പെടുന്നുണ്ട് കുഞ്ഞാലി ഒന്നാമൻ. ഏകദേശം 1524–1539 കാലഘട്ടത്തിലാണ് ഇദ്ദേഹം സാമൂതിരിക്കു വേണ്ടി പോർച്ചുഗീസുകാരോട് ഏറ്റുമുട്ടിയതായി കണക്കാക്കുന്നത്.1539 ൽ ശ്രീലങ്കൻ തീരത്തുള്ള വിതുലയിൽ വച്ച് പോർച്ചുഗീസ് സൈന്യാധിപൻ മെഗൽ പെരേരയുടെ മിന്നലാക്രമണത്തിൽ കുഞ്ഞാലി വധിക്കപ്പെട്ടു. കുഞ്ഞാലി ഒന്നാമന്റെ മരണത്തോടെ, യുവാവായ കുഞ്ഞാലി രണ്ടാമൻ സൈന്യാധിപന്റെ സ്ഥാനമേറ്റെടുത്തു.പോർച്ചുഗീസുകാരോടു നേരിട്ട് ഏറ്റുമുട്ടാതെ മുൻഗാമികൾ ചെയ്തതുപോലെ ആക്രമിച്ച് കടന്നുകളയുക എന്ന തന്ത്രം തന്നെയായിരുന്നു മൂന്നാമനും കൈകൊണ്ടത്. പടമരയ്ക്കാർ, പട്ടുമരയ്ക്കാർ, പാത്തുമരയ്ക്കാർ എന്നിങ്ങനെ പല പേരുകളിൽ ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇന്ത്യൻ സമുദ്രങ്ങളുടെ അധിനായകൻ എന്ന് സ്വയം വിശേഷിപ്പിച്ചത് നാലാം കുഞ്ഞാലി മരയ്ക്കാറാണ് . കുഞ്ഞാലി മരയ്ക്കാരുടെ ജന്‍മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിച്ച് രാജാവിനെ സഹായിക്കാന്‍ വന്ന വ്യാപാരികളാണെന്നാണ് ഒരു അഭിപ്രായം. ഈജിപ്തുകാരായ ഇവര്‍ കോഴിക്കോട്ട് താവളമുറപ്പിക്കുകയും സമൂതിരിയുടെ സൈന്യത്തില്‍ ചേരുകയും ചെയ്തുവെന്നാണ് മറ്റൊരു അഭിപ്രായം. നാവിക സേനയെ വികസിപ്പിച്ചെടുത്തു എന്നതാണ് കുഞ്ഞാലി മരയ്ക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നീട് രാജ്യത്തെ മറ്റ് പടയാളികളും ഇത് പിന്തുടര്‍ന്നു.

കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് സ്മാരകം നിർമ്മിച്ചത് . 1594ല്‍ പറങ്കികളെ യുദ്ധത്തില്‍ തോല്‍പ്പിച്ചുവെങ്കിലും കപ്പലില്‍ നിന്ന് വീണ് പരുക്കേറ്റ കുഞ്ഞാലി മരയ്ക്കാര്‍ താമസിച്ചത് ഈ വീട്ടിലാണ്. വീടിന്‍റെ തൊട്ടുപുറകിലാണ് മ്യൂസിയം.ഓല മേഞ്ഞ കൂരയായിരുന്നു. പിന്‍തലമുറക്കാര്‍ പുതുക്കിപണിത് ഓടിട്ടതാക്കി. മുറ്റത്ത് നിന്ന് അകത്തേയ്ക്ക് കടക്കുമ്പോള്‍ വീതിയുള്ള ഒഴിഞ്ഞ ഭാഗം .രണ്ടുഭാഗത്തും പീരങ്കികള്‍. അകത്തുകയറിയാല്‍ വീടിന്‍റെ അതേ നീളത്തിലുള്ള വിശാലമായ ഹാള്‍. ഹാളിനോട് ചേര്‍ന്ന് മൂന്ന് മുറികളും. ഇപ്പോഴിത് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലാണ്.

Latest News